1-
അക്രിലിക് ഷീ​റ്റുകൾക്കിടയിൽ നാനോ ടെക്‌നോളജിയിൽ വികസിപ്പിച്ചെടുത്ത ട്യൂബുകൾ ഉപയോഗിച്ചുള്ള സോളാർ വൈദ്യുതി ഉത്പാദനം വിശദീകരിക്കുന്ന തഴുത്തല നാഷണൽ പബ്ലിക് സ്‌കൂളിലെ റിയാസ് ജമാലും വിദ്യാർത്ഥികളും

 പുത്തൻ ആശയവുമായി നാഷണൽ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ

കൊല്ലം: സോളാർ പാനലുകൾ സ്ഥാപിക്കുന്ന ഭീമമായ ചെലവിന് പരിഹാരമായി വൈദ്യുതി ഉത്പാദനത്തിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി കൊല്ലം തഴുത്തല നാഷണൽ പബ്ലിക് സ്‌കൂൾ. പൊട്ടിപ്പോകാത്തതും അധികകാലം നീണ്ടുനിൽക്കുന്നതുമായ അക്രിലിക് ഷീ​റ്റുകൾക്കിടയിൽ നാനോ ടെക്‌നോളജിയിൽ വികസിപ്പിച്ചെടുത്ത ട്യൂബുകൾ ഉപയോഗിച്ച് സോളാർ വൈദ്യുതി ഉത്പാദനം സാദ്ധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് സ്‌കൂളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്തത്. സ്‌കൂളിലെ കോഡിംഗ് ആൻഡ് റോബോട്ടിക്‌സ് റിസർച്ച് ലാബിന്റെ ചുമതലക്കാരൻ റിയാസ് ജമാലിന്റെ സഹായത്തോടെ ഹയർസെക്കൻഡറി വിദ്യാർത്ഥികളായ അൽ ബാസിത് ബിൻ താജുദ്ദീൻ, അഫിയ നാസുമുദ്ദീൻ, ആൻസി എം. മാർട്ടിൻ, മിഷാൽ നജുമുദ്ദീൻ,വി.എസ്. അഭിഷേക് എന്നിവരാണ് സാങ്കേതിക വിദ്യയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

ഗ്ലാസിന് മുകളിൽ പതിപ്പിക്കുന്ന സുതാര്യമായ നാനോടുബുകൾ ഘടിപ്പിച്ച ഫിലിമാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. അൾട്രാവയല​റ്റ്, നീലപ്രകാശ രശ്മികളെയും ഇൻഫ്രാറെഡ് കിരണങ്ങളെയും മഴത്തുള്ളികൾ പതിക്കുമ്പോഴുണ്ടാകുന്ന മർദ്ദത്തെപോലും ഈ നാനോട്യൂബുകൾ വൈദ്യുതിയാക്കി മാറ്റും. പീസോ ഇലക്ട്രിക് ടെക്‌നോളജിയിലൂടെയാണ് ഗ്ലാസിന് മുകളിലുണ്ടാകുന്ന ചെറിയ മർദ്ദം പോലും വൈദ്യുതോർജ്ജമാക്കി മാറ്റുന്നത്. കണിക്കൊന്ന പൂവിൽ നിന്നാണ് നാനോ ട്യൂബുകൾ കൾച്ചർ ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ അൾട്രാവയല​റ്റ്, ഇൻഫ്രാ റെഡ്, നീല പ്രകാശരശ്മികൾ എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നത് കൂടാതെ ചന്ദ്രനിൽ നിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെയും പൂർണമായും ഊർജമാക്കി മാറ്റും. കാറിന്റെ സൈഡ് ഗ്ലാസ്സുകൾ, വിൻഡ് സ്ക്രീൻ, വീടുകളുടെ ജനൽ ഗ്ലാസുകൾ എന്നിവയെയും ഇത്തരത്തിൽ വൈദ്യുതി ഉത്പാദന യൂണി​റ്റുകളാക്കി മാറ്റാൻ കഴിയും. സോളാർ പാനലുകൾ സ്ഥാപിക്കുന്നത് പോലെ ഒരു നിശ്ചിത സ്ഥലം ഇതിന് ആവശ്യമില്ല. സ്റ്റാർട്ട് ആപ്പ് സംരംഭമായി വളർത്തുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും സ്‌കൂളിൽ നിന്ന് പഠിച്ച് പുറത്തേക്കിറങ്ങുന്ന ഓരോ കുട്ടിയും കഴിവുറ്റവരാക്കുകയാണ് ലക്ഷ്യമെന്നും സ്‌കൂൾ ചെയർമാൻ ഡോ. കെ.കെ. ഷാജഹാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.