അഴിമതികൾ പിടിക്കപ്പെടാതിരിക്കാൻ കോർപ്പറേഷനിൽ
ഫയലുകൾ കത്തിക്കുന്നു : ബി.ബി.ഗോപകുമാർ
കൊല്ലം: കൊല്ലം കോർപ്പറേഷനിൽ വ്യാപക അഴിമതിയും ക്രമക്കേടും സ്വജനപക്ഷപാതവുമാണെന്ന് ആരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് ബഹുജന മുന്നേറ്റ മാർച്ച് നടത്തി. അഴിമതികൾ പിടിക്കപ്പെടാതിരിക്കാൻ മേയർ ഫയലുകൾ കൂട്ടത്തോടെ കത്തിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ബി. ഗോപകുമാർ പറഞ്ഞു.
ഒരു മാസം മുമ്പ് കൊല്ലം കോർപ്പറേഷൻ ഓഫീസിൽ നടന്ന തീപിടിത്തം ആസൂത്രിതമായിരുന്നു. അന്നേ ദിവസം മേയർ കൊല്ലത്ത് നിന്ന് മാറി നിന്നത് സംശയാസ്പദമാണ്. തീപിടിത്തതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. നേരത്തെ നടത്തിയ അഴിമതികളുമായി ബന്ധപ്പെട്ട നടപടികളിൽ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് മേയർ ഇത്തവണ നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നിട്ടും അഴിമതി നിർബാധം തുടരുകയാണ്. പൊൻപുലരി കുടുംബശ്രീ യൂണിറ്റിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. സൂപ്രണ്ടിംഗ് എൻജിനീയറുടെ വ്യാജ ഒപ്പിട്ട് നടത്തിയ ലക്ഷങ്ങളുടെ ക്രമക്കേടിൽ ഭരണക്കാർക്കും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ചിന്നക്കട ബസ് ബേയിൽ നിന്ന് നൂറ് കണക്കിന് പേർ അണിനിരന്ന ബഹുജന മുന്നേറ്റ മാർച്ച് എസ്.ബി.ഐ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ്, ബി.ജെ.പി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ എ.ജി.ശ്രീകുമാർ, ജി.ഗോപിനാഥ്, വെറ്റമുക്ക് സോമൻ, മേഖല ഭാരവാഹികളായ മാലൂമേൽ സുരേഷ്, ജിതിൻ ദേവ്, ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രനാഥ്, ബി.ശ്രീകുമാർ, രാജേശ്വരി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി മന്ദിരം ശ്രീനാഥ്, പ്രശാന്ത് ചാത്തന്നൂർ, കെ.ആർ. രാധാകൃഷ്ണൻ, ദീപാ സഹദേവൻ, കൃപാ വിനോദ്, മണ്ഡലം നേതാക്കളായ മോൻസി ദാസ്, ഹരീഷ് തെക്കടം, സാംരാജ്, അജിത്ത് ചോഴത്തിൽ തുടങ്ങിയവർ സംസാരിച്ചു.