
കൊല്ലം: 23 വർഷം ഇടതുപക്ഷത്തോടൊപ്പം പ്രവർത്തിച്ചെങ്കിലും മുന്നണി മര്യാദകൾക്ക് വിപരീതമായി ആർ.എസ്.പിയെ തകർക്കാനും സംസ്ഥാന പാർട്ടിയെന്ന പദവി നഷ്ടപ്പെടുത്താനും സി.പി.എം ശ്രമിച്ചെന്ന് നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ട ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ആരോപിച്ചു.
കൊല്ലം പ്രസ് ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കറകളഞ്ഞ പ്രസ്ഥാനമാണെന്ന അഭിപ്രായമില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിൽ ബി.ജെ.പിയെ ചെറുക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ജനാധിപത്യ സഖ്യത്തിന് മാത്രമേ കഴിയുകയുള്ളൂ. ഇത് വിജയവാഡയിൽ നടന്ന സി.പി.ഐ സമ്മേളനവും വിലയിരുത്തിയത് സ്വാഗതാർഹമാണ്.
ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് ബി.ജെ.പിക്കുള്ളത്. ഇതിനെ എതിർക്കാൻ മതേതര സഖ്യത്തിനാണ് കഴിയുക. പ്രധാനമന്ത്രി പദത്തിനായി കോൺഗ്രസ് നിർബന്ധം പിടിക്കരുതെന്ന ഷിബു ബേബിജോൺ പറഞ്ഞതിൽ തെറ്റില്ലെന്നും സഖ്യമുണ്ടാകുമ്പോൾ യോഗ്യരായവരെ ആ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കെതിരായ ബദൽ നയങ്ങൾ രൂപീകരിക്കുന്നതിനും കേന്ദ്രത്തിൽ മതേതര സഖ്യം രുപീകരിക്കുന്നതിനും ആർ.എസ്.പി മുന്നിട്ട് പ്രവർത്തിക്കും. കൊവിഡ് കാലത്തെ നിയന്ത്രണങ്ങളെ തുടർന്ന് ഒന്നാം പിണറായി സർക്കാരിനെതിരായുള്ള കാര്യങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾക്ക് കഴിയാതിരുന്നതാണ് തുടർ ഭരണം ലഭിക്കാൻ കാരണമായത്. നവംബർ 11 മുതൽ ഡൽഹിയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ സംസ്ഥാനത്ത് നിന്ന് 100ൽ കുറയാത്ത പ്രതിനിധികൾ പങ്കെടുക്കുമെന്നും 12ഓളം സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരിക്കും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുകയെന്നും എ.എ.അസീസ് പറഞ്ഞു.