ചാത്തന്നൂർ : മഹാകവി കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി കാവ്യസംവാദം സംഘടിപ്പിക്കുന്നു. കുമാരനാശാന്റെ ആത്മീയദർശനം എന്നതാണ് വിഷയം.

ലീല, നളിനി, വീണ പൂവ്, കരുണ, പ്രരോദനം എന്നീ കൃതികളെ ആസ്പദമാക്കി ഒരു മാസത്തിൽ ഒന്ന് എന്ന ക്രമത്തിൽ നാല് സംവാദങ്ങൾക്കാണ് രൂപം നല്കിയിട്ടുള്ളത്. പണ്ഡിത ശ്രേഷ്ഠർ പങ്കെടുക്കുന്ന സംവാദങ്ങളിൽ ആദ്യത്തേത് ലീലാകാവ്യത്തെ ആസ്പദമാക്കിയുള്ളതാണ്. 25 ന് 3 ന് കല്ലുവാതുക്കൽ സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടക്കുന്ന സംവാദം കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. മുരുകൻ പാറശ്ശേരി പ്രബന്ധം അവതരിപ്പിക്കും. ലീലാകാവ്യത്തെ ആസ്പദമാക്കി കാവ്യാലാപന മത്സരവും ഉണ്ടാകുമെന്ന് സംഘാടക സമിതി കൺവീനർ മാമ്പള്ളി ജി.ആർ. രഘുനാഥൻ അറിയിച്ചു.