port
കേന്ദ്ര ഷിപ്പിംഗ്, ആഭ്യന്തര മന്ത്രാലയങ്ങൾ നിർദ്ദേശ പ്രകാരമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി എം. മുകേഷ് എം.എൽ.എ കൊല്ലം പോർട്ട് സന്ദർശിച്ചപ്പോൾ

 രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കും

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കാൻ കേന്ദ്ര ഷിപ്പിംഗ്, ആഭ്യന്തര മന്ത്രാലയങ്ങൾ നിർദ്ദേശിച്ച സൗകര്യങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ ഒരുക്കാൻ തീരുമാനം. ഇന്നലെ എം. മുകേഷ് എം.എൽ.എ പോർട്ട് സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.

സി.ഐ അടക്കം 14 പൊലീസുകാരെ നിയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ഡി.ജി.പി ഉടൻ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. പോർട്ടിന് ചുറ്റും മതിൽ നിർമ്മാണത്തിന് ടെണ്ടർ നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളടക്കം പുതുതായി സജ്ജീകരിച്ച ക്രമീകരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകും.

പോർട്ട് ഓഫീസർ സെജോ ഗോർഡിയസ്, പോർട്ട് ഓഫീസറുടെ പി.എ ഹരിശേഖർ, പർസർ ആർ. സുനിൽ, പോർട്ട് കൺസർവേറ്റർ ആർ. ബിനു, വാർഫ് സൂപ്പർവൈസർ ജെ. മനോജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

അതിവേഗം പൂർത്തിയാക്കും

1.പോർട്ടിന് ചുറ്റുമുള്ള ചുറ്റുമതിലിന്റെ ഉയരം വർദ്ധിപ്പിക്കൽ, പൊളിഞ്ഞ് കിടക്കുന്നിടത്ത് പുനർനിർമ്മാണം, മതിലിന് മുകളിൽ കമ്പിച്ചുരുൾ സ്ഥാപിക്കൽ

2. നിരീക്ഷണ കാമറ സംവിധാനം കാര്യക്ഷമമാക്കൽ

3. പോർട്ടിലെ വാർഫിന്റെ 50 മീറ്റർ ദൂരം സുരക്ഷാ മേഖലയായി പ്രഖ്യാപിക്കൽ

4. പ്രധാന കവാടത്തിൽ അതിസുരക്ഷാ മേഖല എന്ന ബോർഡ് സ്ഥാപിക്കൽ

5. പ്രധാനകവാടത്തിൽ അയുധധാരികളായ സുരക്ഷാ ജീവനക്കാരെ നിയോഗിക്കൽ

6. എമിഗ്രേഷൻ ജീവനക്കാർക്ക് ക്വാട്ടേഴ്സ് സൗകര്യം

7. പോർട്ട് പ്രദേശം കാട് കയറാതിരിക്കാൻ സ്ഥിരം സംവിധാനം