
കൊട്ടാരക്കര: പ്രവാസിയിൽ നിന്ന് ഒരുകോടിയിലധികം രൂപ ഓൺലൈനായി തട്ടിയെടുത്ത കേസിലെ പ്രധാനപ്രതി അറസ്റ്റിൽ.ത്രിപുര സ്വദേശി ഗവർണർ റിയാംഗിനെ സൈബർ ക്രൈം പൊലീസ് ത്രിപുരയിൽ നിന്ന് അറസ്റ്റു ചെയ്തതു.കുന്നിക്കോട് സ്വദേശിയായ പ്രവാസിയിൽ നിന്നാണ് പണം തട്ടിയെടുത്തത്.
സോഷ്യൽ മീഡിയയിലൂടെ ഇറ്റാലിയൻ സ്വദേശിയാണെന്നും ഇന്ത്യയിൽ എത്തുമ്പോൾ നേരിട്ടുകാണാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്.ബിസിനസിൽ പങ്കാളിയാക്കാമെന്നും വിദേശത്തുനിന്ന് സമ്മാനം വന്നിട്ടുണ്ടെന്നും സ്വീകരിക്കുന്നതിനായി കസ്റ്റംസ് ക്ളിയറൻസ് ഫീസ്,ഇൻകം ടാക്സ് അടയ്ക്കണമെന്നും പറഞ്ഞാണ് തുക വാങ്ങിയത്.മൂന്ന് മാസം കൊണ്ട് 14 അന്യസംസ്ഥാന ബാങ്ക് അക്കൗണ്ടുകളിലേക്ക് 44 തവണയായി ഒരു കോടി ആറ് ലക്ഷം രൂപ അയച്ചുകൊടുത്തു.ശേഷം പ്രതികരണം ഇല്ലാതെ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ട് റൂറൽ എസ്.പിക്ക് പരാതി നൽകിയത്.
അസം,ത്രിപുര,നാഗാലാൻഡ്,ഡൽഹി,തെലുങ്കാന,ഉത്തർപ്രദേശ്,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘങ്ങൾ ഒന്നിച്ച് നടത്തിയ തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രധാന പ്രതിയായ റിയാംഗ് അറസ്റ്റിലായത്.കൂട്ടുപ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.റൂറൽ ഡി.സി.ആർ.ബി ഡി.വൈ.എസ്.പി പി.റെജി എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് സി.ഐ ഏലിയാസ്.പി.ജോർജ്, എസ്.ഐ.എ എസ്.സരിൻ,എ.എസ്.ഐ സി.എസ്.ബിനു,സിവിൽ പൊലീസ് ഓഫീസർ ജി.കെ.സജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.കേസിൽ നാഗാലാൻഡ് കൊഹിമാ സ്വദേശിയായ മറ്റൊരു പ്രതിയെ കഴിഞ്ഞ ഏപ്രിലിൽ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
പ്രലോഭിപ്പിച്ച് കുടുക്കും
പ്രലോഭിപ്പിച്ചാണ് സംഘം പലരെയും വലയിൽ വീഴ്ത്തുന്നത്.ഇതിനായി സ്ത്രീകളെയും ഉപയോഗിക്കും.കുന്നിക്കോട് സ്വദേശിക്ക് പുറമെ നിരവധി പേർ ഇത്തരത്തിൽ തട്ടിപ്പിന് വിധേയരായിട്ടുണ്ട്.വ്യാജരേഖകൾ നൽകി വാങ്ങിയ സിം കാർഡുകൾ ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ അക്കൗണ്ടുകൾ എടുത്തത്.റിയാംഗിന്റെ വീട്ടിൽ പൊലീസ് എത്തിയതോടെ പ്രതി ഇവിടെ നിന്ന് മുങ്ങി.തുടർന്ന് ഒരു പള്ളിയിലെ പഠന ക്ലാസിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്.