accident-
അപകടത്തിൽപ്പെട്ട വാൻ

ചാത്തന്നൂർ : ദേശീയപാതയിൽ കാറും വാനും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കല്ലുവാതുക്കൽ തട്ടാരുകോണത്ത് ഇന്നലെ ഉച്ചയ്ക്ക്‌ 12 മണിയോടെയായിരുന്നു അപകടം. ചാത്തന്നൂരിൽ നിന്ന് പാരിപ്പള്ളി ഭാഗത്തെക്ക് വരികയായിരുന്ന കാറും തിരുവനന്തപുരത്തു നിന്ന് വരികയായിരുന്ന മത്സ്യഫെഡിന്റെ മിനിവാനുമാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ മിനിവാൻ മറിയുകയും കാർ മറ്റൊരു കാറിലും സ്കൂട്ടറിലും ഇടിക്കുകയും ചെയ്തു. കാർയാത്രികനായ പാരിപ്പള്ളി ചൈത്രത്തിൽ ജിഷ്ണുവിനാണ് പരിക്കേറ്റത്. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ യാത്രക്കാരി പരിക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു. ഫയർഫോഴ്സ്, ഹൈവേപൊലീസ്, പാരിപ്പള്ളി പൊലീസ് എന്നിവർ സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിച്ചു. പാരിപ്പള്ളി പൊലീസ് കേസെടുത്തു.