കൊല്ലം: വാടക കുടിശിക അടയ്ക്കാൻ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സാവാകാശം നൽകിയില്ലെന്ന് ആരോപിച്ച് ഇറച്ചി വ്യാപാരി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ആത്മഹത്യ ശ്രമം നടത്തി.
ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഭാര്യയും രണ്ട് ആൺമക്കളുമായെത്തിയ പുള്ളിക്കട സ്വദേശി നിയാസ് ശരീരത്താകമാനം പെട്രോൾ ഒഴിക്കുകയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്. ജയൻ അടക്കമുള്ളവർ ചേർന്ന് നിയാസിനെ പിന്തിരിപ്പിച്ചു. കുടിശിക അടയ്ക്കാൻ ഒരുമാസം കൂടി നൽകാമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പ് നൽകിയതോടെയാണ് നിയാസ് മടങ്ങിയത്.
വ്യാപാരി പറയുന്നത് : കടയുടെ വാടകയിനത്തിൽ മൂന്നര ലക്ഷം രൂപ കോർപറേഷനിൽ അടക്കാൻ ഉണ്ടായിരുന്നു. കൊവിഡ് സമയത്ത് വന്ന കുടിശികയാണ്. വാടക വീട്ടിലാണ് താമസം. പലിശക്കെടുത്തും മറ്റ് കടങ്ങൾ വാങ്ങിയും ഇതിൽ രണ്ടര ലക്ഷം രൂപ വരെ അടച്ചു. ബാക്കിയുള്ള തുകക്ക് ഒരു മാസത്തെ സാവകാശം കോർപറേഷനിലെ ഉദ്യോഗസ്ഥനോട് ചോദിച്ചിട്ടും നൽകാൻ തയാറായില്ല. കാലുപിടിച്ചിട്ടും കട പൂട്ടണം എന്ന നിലപാട് ഉദ്യോഗസ്ഥൻ ഉറപ്പിച്ചുപറഞ്ഞതോടെയാണ് ആത്മഹത്യാശ്രമം നടത്തിയത്. എന്നാൽ, നിയാസ് ആകെ ഒരു ലക്ഷം രൂപയേ അടച്ചുള്ളുവെന്നും ഇനിയും രണ്ടര ലക്ഷം അടയ്ക്കാനുണ്ടെന്നും 2018 മുതലുള്ള കുടിശികയാണെന്നുമാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥരുടെ വിശദീകരണം. കടയുടെ യഥാർത്ഥ ലൈസൻസി മറ്റൊരാളെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.