photo
സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച പായസ പാചക മത്സരം

കരുനാഗപ്പള്ളി : സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ പായസ പാചക മത്സരം സംഘടിപ്പിച്ചു. ഹൈസ്കൂൾ ജംഗ്ഷനിൽ നടന്ന മത്സരത്തിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കരുനാഗപ്പള്ളിയുടെ വിവിധ മേഖലകളിൽ നിന്നായി 18 ടീമുകൾ പങ്കെടുത്തു. മുളയരി പായസം, പപ്പായ പായസം, അരവണ പായസം, മൾട്ടി ഫ്രൂട്ട് പായസം, മലബാർ സ്പെഷ്യൽ പായസം, കടല പായസം തുടങ്ങി വ്യത്യസ്ഥ ഇനങ്ങളിലുള്ള പായസങ്ങളാണ് പാചകം ചെയ്തത്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ഒന്നാം സ്ഥാനവും ഡ്രൈവേഴ്സ് യൂണിയൻ രണ്ടാം സ്ഥാനവും കേരഫെഡ് വർക്കേഴ്സ് യൂണിയൻ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.വസന്തൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഏരിയകമ്മിറ്റി പ്രസിഡന്റ് വി.ദിവാകരൻ അദ്ധ്യക്ഷനായി. സെക്രട്ടറി എ.അനിരുദ്ധൻ സ്വാഗതം പറഞ്ഞു.