കൊട്ടാരക്കര : കൊട്ടാരക്കര ഡിപ്പോയിലെ ബസ് സർവീസുകളുടെ അശാസ്ത്രീയമായ സമയ ക്രമം മൂലം കൊട്ടാരക്കരയിൽ യാത്രക്കാർ ദുരിതത്തിലാകുന്നു. കെ.എസ്.ആർ.ടി.സി ബസുകളുടെ സമയം പുന:ക്രമീകരിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇനിയും നടപടിയില്ല. തിരുവനന്തപുരം , പാരിപ്പള്ളി,കൊല്ലം , കരുനാഗപ്പള്ളി , പുനലൂർ ,പത്തനാപുരം, കോട്ടയം ഡിപ്പോകളിൽ നിന്ന് കൊട്ടാരക്കര ഡിപ്പോ വഴി കടന്നു പോകുന്ന ദീർഘദൂര ബസ് സർവീസുകളുടെയും ചെയിൻ സർവീസുകളുടെയും സമയം കൂടി പരിഗണിച്ച് കൊട്ടാരക്കര ഡിപ്പോയിലെ ബസുകളുടെ സമയം ക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒന്നിനു പിറകേ ഒന്നായി
കോട്ടയം സർവീസിനു പിന്നാലെ അടൂരും അതിനൊപ്പം ഏനാത്തേക്കും ഒന്നിനു പിറകേ ഒന്നായി സർവീസുകൾ നീങ്ങുമ്പോൾ ഏനാത്ത് പോകേണ്ടവർ കോട്ടയം ബസിൽ തിരക്കു കൂട്ടുകയും പിന്നാലെ വരുന്ന എനാത്ത് ബസിൽ യാത്രക്കാർ ഇല്ലാതാകുകയും ചെയ്യുന്നത് പതിവാണ്. ആദ്യം ഏനാത്ത് സർവീസ് പുറപ്പെട്ടാൽ ഏനാത്തുകാർക്കൊപ്പം കോട്ടയത്തേക്കുള്ള യാത്രക്കാർക്കും സൗകര്യമാകും.
കാലിയായി ഓടുന്ന ബസുകൾ
ഉച്ച സമയത്ത് കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കൊല്ലത്തേക്ക് 6 ഓർഡിനറി ബസുകൾ പുറപ്പെടുന്നുണ്ട്. മിക്കതിലും യാത്രക്കാരില്ല. പുനലൂരിൽ നിന്നും പത്തനാപുരത്തു നിന്നും ഓടി വരുന്ന ബസുകളാണ് ഇതിൽ കൂടുതലുമെന്നാണ് വിശദീകരണം. ഷെഡ്യൂൾ പുന:ക്രമീകരിച്ചാൽ കാലിയായി ഓടുന്ന ബസ് സർവീസുകൾ ഒഴിവാക്കാൻ സാധിക്കും.
യാത്രക്കാരുടെ ദുരിതം കാണാതെ
വൈകിട്ട് അഞ്ചേ മുക്കാൽ കഴിഞ്ഞാൽ കൊല്ലം ഭാഗത്തേക്ക് സർവീസുകൾ ഇല്ലെന്നു തന്നെ പറയാം. 5 മണിക്ക് വിവിധ ഓഫീസുകളിൽ നിന്ന് ജോലി കഴിഞ്ഞ് അവശ്യവസ്തുക്കളും വാങ്ങി രാത്രി 7 വരെ റോഡുവക്കിൽ നിൽക്കുന്ന യാത്രക്കാരുടെ ദുരിതം കെ.എസ്.ആർ.ടി.സി സർവീസ് നഷ്ടത്തിലാണെന്ന് മുറവിളി കൂട്ടുന്ന അധികൃതർ കാണുന്നില്ല. യാത്രക്കാരുടെ സൗകര്യത്തിന് മുൻഗണന നൽകി ഷെഡ്യൂളുകൾ പുന:ക്രമീകരിച്ചാൽ യാത്രാ ദുരിതം മാറ്റി
വരുമാനം വർദ്ധിപ്പിക്കാൻ സാധിക്കുമെങ്കിലും കെ.എസ്.ആർ.ടി.സി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമില്ലെന്നാണ് യാത്രക്കാരുടെ പരാതി.