കൊല്ലം: നെടുവത്തൂർ പൊങ്ങൻപാറ ടൂറിസം പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാൻ ഗ്രാമപഞ്ചായത്ത് ആലോചിക്കുന്നു. ടൂറിസം വകുപ്പ് കൈയൊഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തിന്റെ നീക്കം. പദ്ധതി ഏറ്റെടുക്കുവാൻ സ്വകാര്യ ഏജൻസികൾ തയ്യാറാകുന്ന പക്ഷം വാടക ഈടാക്കി കരാർ അടിസ്ഥാനത്തിൽ നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ടൂറിസം വകുപ്പ് കയ്യൊഴിഞ്ഞു
പദ്ധതി തുടങ്ങിയാൽ കൊല്ലം-തിരുമംഗലം ദേശീയപാതയുടെ തൊട്ടടുത്തായതിനാൽ വലിയ വിജയമാകുമെന്നാണ് കണക്കുകൂട്ടൽ. എട്ട് വർഷം മുൻപ് ടൂറിസം വകുപ്പ് പൊങ്ങൻപാറ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങിയിരുന്നു. 49 ലക്ഷം രൂപ അനുവദിച്ചുവെങ്കിലും പാതിവഴിയിൽ മുടങ്ങിപ്പോയതാണ്. മന്ത്രി കെ.എൻ.ബാലഗോപാൽ അടക്കമുള്ളവർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിൽ ഡി.ടി.പി.സി സെക്രട്ടറി രമ്യ.ആർ.കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പൊങ്ങൻപാറ സന്ദർശിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് ഏറ്റെടുത്ത് നടത്താനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഗ്രാമപഞ്ചായത്തിന് ഇതിനായി കൂടുതൽ തുക അനുവദിക്കാൻ കഴിയില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വാടകയ്ക്ക് നൽകുന്ന വിഷയം പരിഗണിക്കുന്നത്.
പൊങ്ങൻപാറ ടൂറിസം പദ്ധതി നടപ്പാക്കാൻ കഴിഞ്ഞാൽ അതൊരു വലിയ വിജയമാണ്. ഇത്രകാലവും ടൂറിസം വകുപ്പിൽ പ്രതീക്ഷ അർപ്പിച്ചിരുന്നതാണ്. എന്നാൽ അത് നടക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി. പഞ്ചായത്തിന് നേരിട്ട് നടത്തുവാൻ ബുദ്ധിമുട്ടാണ്. ഫണ്ടിന്റെ ലഭ്യതക്കുറവുമുണ്ട്. സ്വകാര്യ ഏജൻസിയെ ഏൽപ്പിക്കണമെങ്കിൽ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം ഉണ്ടാകണം. ഇതിനുള്ള ചർച്ചകൾ ഉടനെ തുടങ്ങും. പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്താൽ പദ്ധതി നടപ്പാക്കും. (ആർ.സത്യഭാമ, പ്രസിഡന്റ്, നെടുവത്തൂർ ഗ്രാമപഞ്ചായത്ത്)