കുന്നത്തൂർ: മൈനാഗപ്പള്ളിയിൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മിക്കാൻ 49.98 കോടിയുടെ ഭരണാനുമതി ലഭിച്ചതായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ അറിയിച്ചു. നിർമ്മാണത്തിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികളെ കുറിച്ച് ആലോചിക്കുന്നതിന് ജില്ലാ കളക്ടറുടെ ചേംബറിൽ ഇന്നലെ അടിയന്തര യോഗം ചേർന്നു. സർവേ നടപടികൾക്കായി ഒരു സ്പെഷ്യൽ ടീമിനെ നിയമിക്കും. സർവേ പൂർത്തിയാകുന്നതിനൊപ്പം ഉടമകളിൽ നിന്ന് വസ്തു ഏറ്റെടുക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ ആരംഭിക്കാനുമാണ് തീരുമാനം.
തടത്തിമുക്കിൽ
മൈനാഗപ്പള്ളി തടത്തിമുക്കിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിന് അനുമതി ലഭിച്ചതോടെ ഇവിടുത്തെ ജനങ്ങളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് പൂവണിയുന്നത്. മിനിട്ടുകളുടെ ഇടവേളയിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന കരുനാഗപ്പള്ളി പ്രധാന പാതയിലെ തടത്തിൽമുക്ക് റെയിൽവേ ഗേറ്റിൽ കുടുങ്ങി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ പൊലിഞ്ഞ ജീവനുകൾ നിരവധിയാണ്. 2011 ൽ ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന ആവശ്യമുന്നയിച്ച് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കും കൊടിക്കുന്നിൽ സുരേഷ് എം.പിക്കും ഒരു ലക്ഷം പേർ ഒപ്പിട്ട നിവേദനം നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി മാളിയേക്കലിൽ നിർമ്മാണം ആരംഭിച്ച മേൽപ്പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.