കുന്നത്തൂർ : മൈനാഗപ്പള്ളി, തൊടിയൂർ ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കൾ ആശ്രയിക്കുന്ന മൈനാഗപ്പള്ളി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് പഞ്ചായത്ത് ആസ്ഥാനത്തു നിന്ന് കിഴക്കേ അതിർത്തിയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. മുപ്പതിനായിരത്തോളം വരുന്ന ഉപഭോക്താക്കളാണ് ഈ ഓഫീസിന് പരിധിയിലുള്ളത്. ബില്ലടയ്ക്കാനും മറ്റുമായി ദിവസവും നൂറുകണക്കിനാളുകളാണ് ഈ പ്രദേശങ്ങളിൽ നിന്ന് പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന ഓഫീസിലേക്ക് എത്താറുള്ളത്.
നാല് കിലോമീറ്ററിലധികം ദൂരം
പുത്തൻ ചന്തയിൽ നിന്ന് രണ്ട് കിലോമീറ്റർ കിഴക്കോട്ടു മാറി മൈനാഗപ്പള്ളി പഞ്ചായത്തിന്റെ കിഴക്കേയറ്റത്തായാണ് ഇലക്ട്രിസിറ്റി ഓഫീസ് മാറ്റാൻ ഉദ്ദേശിക്കുന്നത്. പഞ്ചായത്തിലെ തെക്കും പടിഞ്ഞാറും പ്രദേശങ്ങളിലെ ജനങ്ങൾക്കും തൊടിയൂർ പഞ്ചായത്ത് നിവാസികൾക്കും ഓഫീസ് കിഴക്കൻ മേഖലയിലേക്ക് മാറ്റിയാൽ നാല് കിലോമീറ്ററിലധികം സഞ്ചരിക്കേണ്ടി വരും.
പരാതി നൽകി
ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസ് മാറ്റാനുള്ള ജനദ്രോഹ നീക്കം ഉപേക്ഷിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാവശ്യപ്പെട്ട് എക്സിക്യൂട്ടീവ് എൻജിനീയർ അടക്കമുള്ള വകുപ്പ് മേധാവികൾക്ക് ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളിയുടെ നേത്യത്വത്തിൽ പരാതി നൽകി.