
കൊല്ലം: സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ച് കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കിളികൊല്ലൂർ പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പൊലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.
പൊലീസ് ജാമ്യക്കാരെ വിളിച്ചതെന്തിന്
എം.ഡി.എം.എയുമായി പിടിലായ യുവാവിനെ വിട്ടയയ്ക്കാൻ കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനായ മണികണ്ഠൻ പരിചയക്കാരനായ വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചതെന്തിനെന്ന ചോദ്യത്തിന് ഉദ്യോഗസ്ഥർക്ക് മറുപടിയില്ല. വിഘ്നേഷിന് പ്രതിയുമായി പരിചയമല്ല. അപ്പോൾ പൊലീസുകാരനും പ്രതിയും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യവും ഉയരുന്നു. ജാമ്യം നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടങ്ങിയ വിഘ്നേഷുമായി എ.എസ്.ഐ പ്രകാശ് ചന്ദ്രൻ ബോധപൂർവം പ്രശ്നം സൃഷ്ടിച്ചതിന്റെ കാരണം അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്. യുവാവിന്റെ പക്കൽ ചെറിയ അളവിലുള്ള എം.ഡി.എം.എ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പറഞ്ഞ് വിട്ടയച്ചതിന് പിന്നിൽ കൈക്കൂലി ഇടപാടുണ്ടെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം: എൻ.കെ.പ്രേമചന്ദ്രൻ
യുവാക്കളെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. പൊലീസ് മർദ്ദനത്തിന് ഇരയായ വിഘ്നേഷിനെ സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവം ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ആഭ്യന്തര വകുപ്പ് വൻപരാജയം:പി. രാജേന്ദ്രപ്രസാദ്
സംസ്ഥാന ആഭ്യന്തര വകുപ്പ് വൻപരാജയമാണെന്നതിന്റെ തെളിവാണ് സൈനികനും സഹോദരനും നേരെയുണ്ടായ പൊലീസ് അതിക്രമമെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് വിഘ്നേഷിനെ സന്ദർശിച്ച ശേഷം പറഞ്ഞു. ഡി.സി.സി ഭാരവാഹികളായ എസ്.വിപിനചന്ദ്രൻ, എൻ.ഉണ്ണിക്കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
യുവാക്കൾക്ക് നീതി ഉറപ്പാക്കുമെന്ന് യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോം പറഞ്ഞു.
യുവാക്കൾക്ക് യൂത്ത് മൂവമെന്റിന്റെ ഐക്യദാർഢ്യം
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം നേരിട്ട സൈനികനായ വിഷ്ണുവിന്റെയും സഹോദരൻ വിഘ്നേഷിന്റെയും വീട്ടിൽ എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രമോദ് കണ്ണൻ, പ്രതാപൻ, വിനു രാജ്, ഹരി, അഭിലാഷ്, പേരൂർ പടിഞ്ഞാറ് ശാഖാ പ്രസിഡന്റ് രാജൻ കുമാർ, ശാഖാ സെക്രട്ടറി പ്രദീപ്,എന്നിവർ സന്ദർശിച്ച് ഐക്യദാർഢ്യം രേഖപ്പെടുത്തി . കുറ്റക്കാരായ പൊലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ ഉപരോധം ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിളികൊല്ലൂർ പൊലീസ് സ്റ്റേഷൻ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. കുറ്റക്കാരായ പൊലീസുകാരെ സർവീസിൽനിന്നു പുറത്താക്കുക, വകുപ്പുതല അന്വേഷണം ആരംഭിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ സ്റ്റേഷൻ ഉപരോധം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അരുൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശ്യാം അദ്ധ്യക്ഷനായി. ജോമോൻ വെള്ളിമൺ, കിരൺ കൃഷ്ണകുമാർ, പ്രശാന്ത് ശ്യാം, അദ്വൈത്, കാർത്തിക് എന്നിവർ സംസാരിച്ചു.
സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വീഴ്ച: ബി.ബി.ഗോപകുമാർ
പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച് കള്ള കേസിൽ കുടുക്കി സഹോദരങ്ങളെ അതിക്രൂരമായി മർദ്ദിച്ച സംഭവം ആഭ്യന്തര വകുപ്പിന്റെ വീഴ്ച വ്യക്തമാക്കുന്നതാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ പറഞ്ഞുജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനിലും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപങ്ങളാണ് നടക്കുന്നത്. പൊതുജനങ്ങളുടെ ജീവന് പൊലീസ് സ്റ്റേഷനിൽ സംരക്ഷണമില്ലാത്ത അവസ്ഥ അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണന്നും ബി.ബി. ഗോപകുമാർ കൂട്ടിച്ചേർത്തു.