കുന്നിക്കോട് : കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ വിളക്കുടി അമ്പലമുക്ക് വളവിൽ ഇന്നലെ രാത്രി ഏഴരയോടെ ലോറി ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ ഡ്രൈവർ അടക്കം നാല് പേരും ഒരു കുട്ടിയുമുണ്ടായിരുന്നു. എല്ലാവരും കൊട്ടാരക്കര താമരക്കുടി സ്വദേശികളാണ്. യാത്രക്കാരിൽ 'കീർത്തനയിൽ' അജോബിന്റെ ഇടത് കാലിനും, 'കയറച്ചൻപാറ'യിൽ അനിമോളുടെ വലത് കൈയ്ക്കും പരിക്കേറ്റു. അനിമോളുടെ ഭർത്താവ് ബേബിക്കും ഓട്ടോഡ്രൈവർ പൊന്നുണ്ണിയ്ക്കും നിസാര പരിക്കേറ്റു. അനിമോളുടെ പേരക്കുട്ടി മൂന്ന് വയസ്സുകാരി അദ്വിഗ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ കുന്നിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിക്കോട്ട് നിന്ന് വിളക്കുടിയിലേക്ക് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ഓട്ടോറിക്ഷയും ലോറിയും. പിന്നിലൂടെ വേഗത്തിൽ വന്ന ലോറി വളവിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരേ വന്ന വാഹനത്തിൽ തട്ടി. അപകടം ഒഴിവാക്കാൻ ലോറി ഡ്രൈവർ വാഹനം വെട്ടിച്ചപ്പോൾ ലോറിയുടെ പിൻഭാഗം ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് കോർത്ത് ഓട്ടോറിക്ഷ ഇടത് ഭാഗത്തേക്ക് മറിയുകയായിരുന്നു. മറിഞ്ഞ ഓട്ടോറിക്ഷയുമായി കുറച്ച് ദൂരം റോഡിലൂടെ മുൻപോട്ടു പോയ ലോറി നിറുത്താതെ പോവുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.
അപകടം പതിവായ ഇവിടെ അപായ സൂചികകളും രാത്രികാലങ്ങളിൽ പ്രകാശിപ്പിക്കുന്ന അപായ മുന്നറിയിപ്പ് വിളക്കുകളും സ്ഥാപിക്കണമന്നത് ഏറെ നാളത്തെ ആവശ്യമാണ്.