
കൊല്ലം: കാഴ്ചക്കാർക്ക് കൗതുകമായി ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം നടന്നു. ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പും എസ്.എൻ വനിതാ കോളേജ് എൻ.എസ്.എസ് യൂണിറ്റും ഹോം സയൻസ് ഡിപ്പാർട്ട്മെന്റും സയൻസ് ക്ളബും സംയുക്തമായി സംഘടിപ്പിച്ച ചെറു ധാന്യങ്ങളുടെയും അവ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാർത്ഥങ്ങളുടെയും പ്രദർശനം ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ എസ്.അജി ഉദ്ഘാടനം ചെയ്തു. ഞവര അരവണ, മുളയരിക്കഞ്ഞി, റാഗി ഹൽവ, മസാലദോശ, ബജ്റ കൊഴുക്കട്ട, മുതിരത്തോരൻ, ചാമ കഞ്ഞി, റാഗി കൊണ്ടുളള ജ്യൂസ്, പായസം, ലഡു, പുഡിംഗ്, തിന ദോശ, പുലാവ് , കുക്കിസ്, തുങ്ങിയ വൈവിദ്ധ്യമാർന്ന ഭക്ഷണങ്ങൾ കാഴച്ചക്കാർക്ക് വ്യത്യസത അനുഭവമൊരുക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ 'ഈറ്റ് റൈറ്റ് ചലഞ്ച്' പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.ഭക്ഷണങ്ങളുടെ ചേരുവകളും പാകം ചെയ്യേണ്ട വിധവും പോഷകഗുണവും പ്രദർശനത്തിൽ വീശദീകരിച്ചു. എസ്.എൻ വനിതാ കോളേജ് കൂടാതെ ഫാത്തിമാ മാതാ കോളേജ്, എൻ.എസ്.എസ് കോളേജ് കൊട്ടിയം, ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജ്, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യുട്ട്, സർക്കാർ വനിതാ ഐ.ടി.ഐ, യൂനൂസ് കുഞ്ഞ് എൻജിനിയറിംഗ് കോളേജ്, ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ് തുടങ്ങിയവയും പ്രദർശനത്തിൽ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.സുനിൽകുമാർ അദ്ധ്യക്ഷനായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡി.ദേവി പ്രിയ, ഹോം സയൻസ് അസിസ്റ്റന്റ് പ്രൊഫ.ഇന്ദു സുരേഷ്, സയൻസ് ക്ളബ് കോഓർഡിനേറ്റർ ഡോ.എ.എസ്.രമ്യ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എസ്.സംഗീത് എന്നിവർ സംസാരിച്ചു. മുസലിയാർ കോളേജ് ഒഫ് എൻജിനിയറിംഗ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.സി.എം.താര സെമിനാർ നയിച്ചു.ചെറുധാന്യ ഭക്ഷ്യ പ്രദർശന മത്സരത്തിൽ കടപ്പാക്കട ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം സ്ഥാനവും കൊല്ലം എസ്.എൻ വനിതാ കോളേജ്, കൊല്ലം ഗവ.വനിതാ ഐ.ടി.ഐ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.