പത്തനാപുരം: പിറവന്തൂർ പഞ്ചായത്തിൽ മൈക്കാമൈൻ ഭാഗത്തും സമീപ പ്രദേശങ്ങളിലും മൊബൈൽ കവറേജില്ല. ഓൺലൈൻ പഠനകാലത്ത് ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞെങ്കിലും ഇതുവരെയും നടപടിയില്ല. അത്യാവശ്യഘട്ടങ്ങളിൽ വാഹനം വിളിക്കണമെങ്കിൽ പോലും ഫോണിനെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥയാണ്. മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും തൊഴിലെടുക്കുന്നവരെയും പഠിക്കുന്ന വിദ്യാർത്ഥികളെയും ഫോണിൽ ബന്ധപ്പെടണമെങ്കിൽ കിലോമീറ്ററുകൾ സഞ്ചരിച്ച് മലമുകളിലും മറ്റും പോകണമെന്ന് നാട്ടുകാർ പറയുന്നു.
തിരിഞ്ഞുനോക്കാതെ അധികൃതർ
മൈക്കാമൈൻ വാർഡിൽ വെരുകുഴിയിൽ ബി.എസ്.എൻ.എൽ ടവർ ഉണ്ടായിട്ടും പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ട് ആഴ്ചകളായി. പ്രദേശവാസികൾ ടവറിൽ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പുതിയ ടവർ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്ന് ജനപ്രതിനിധികൾ ആവർത്തിക്കുമ്പോഴും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. മൊബൈൽ സിഗ്നലുകൾ ലഭ്യമാക്കുന്നതിന് നടപടിയെടുത്തില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് നാട്ടുകാർ പറയുന്നു.
ഓൺലൈൻ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും ആശുപത്രി ആവശ്യങ്ങൾക്കും മൊബൈൽ സിഗ്നലുകൾ ഇല്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു- സുന്ദരേശൻ, പ്രദേശവാസി
അഞ്ചുവർഷം മുമ്പ് വെരുകുഴിയിൽ സ്ഥാപിച്ച മൊബൈൽ ടവറുകൊണ്ട് അക്ഷരാർത്ഥത്തിൽ പ്രയോജനമില്ലാത്ത അവസ്ഥയാണ്. ബി.എസ്.എൻ.എൽ ടവർ സ്ഥാപിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആറുമാസം മുമ്പ് വാഗ്ദാനം നൽകിയെങ്കിലും നടപടിയുണ്ടായില്ല.
സന്തോഷ് മുള്ളുമല, എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം