കൊട്ടാരക്കര: തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ അവകാശ പ്രഖ്യാപന വിളംബര സംഗമം സംഘടിപ്പിച്ചു. കൊട്ടാരക്കര അസി.ദേവസ്വം കമ്മീഷണർ ഓഫീസർ പടിക്കൽ നടന്ന പരിപാടി കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്(എം) സംസ്ഥാന നിർവാഹക സമിതി അംഗം ജി.മുരുകദാസൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ശമ്പള പരിഷ്കരണവും ഡി.എ കുടിശികയും അനുവദിക്കുക, മരവിപ്പിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, 2019ലെ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ പ്രഖ്യാപന വിളംബരം സംഘടിപ്പിച്ചത്. അസോസിയേഷന്റെ നേതൃത്വത്തിൽ എംപ്ളോയീസ് ഫ്രണ്ട്, എംപ്ളോയീസ് യൂണിയൻ, എംപ്ളോയീസ് സംഘ്, എംപ്ളോയീസ് ഫെഡറേഷൻ എന്നീ സംഘടനകൾ ചേർന്നാണ് സംയുക്ത സമിതി രൂപീകരിച്ചത്. കോർ- കമ്മിറ്റി ചെയർമാൻ ജി.രാജീവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി.ജയകുമാർ, ജി.സോമശേഖരൻ നായർ, പ്രഭാത് പട്ടാഴി, നെല്ലിക്കോട് സേതു,, നീലേശ്വരം ഗോപാലകൃഷ്ണൻ, മനേഷ് കുമാർ നമ്പൂതിരി, തെങ്ങമം ജയകുമാർ, കെ.എസ്.ബൈജു, ജയദേവൻ പിള്ള എന്നിവർ സംസാരിച്ചു.