
തിരുവനന്തപുരം മെഡിക്കൽ കോളേജ് മാതൃകയിൽ ഫീസ് ഇടാക്കാൻ തീരുമാനം
കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിലെ സമ്പൂർണ സൗജന്യ സേവനം നിലയ്ക്കുന്നു. മുറിവ് തുന്നൽ മുതൽ വലിയ ശസ്ത്രക്രിയകൾക്ക് വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേതിന് സമാനമായ ഫീസ് ഏർപ്പെടുത്താൻ തീരുമാനം. ആശുപത്രിയുടെ ദൈനംദിന പരിപാലത്തിനും താത്ക്കാലിക ജീവനക്കാരെ നിയമിക്കാനും ഹോസ്‌പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് വരുമാനം കണ്ടെത്താനാണ് ചെറിയ നിരക്കിലുള്ള ഫീസ് ഏർപ്പെടുത്തുന്നത്.
ആശുപത്രി വളപ്പിൽ നിലവിൽ പാർക്കിംഗ് സൗജന്യമാണ്. ഇനി അതിനും ഫീസ് നൽകേണ്ടി വരും. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ രസീത് ഉപയോഗിച്ചായിരിക്കും പിരിവ്. ഈ തുക ചെറിയ അറ്റകുറ്റപ്പണികൾ, താത്ക്കാലിക ജീവനക്കാർക്കുള്ള ശമ്പളം എന്നിവയ്ക്ക് വിനിയോഗിക്കുന്നതിന് പുറമേ കൂടുതൽ ചികിത്സാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കാനും ഉപയോഗിക്കും. നിലവിൽ ആശുപത്രി വികസന സൊസൈറ്റിക്ക് കാര്യമായ വരുമാനങ്ങളൊന്നുമില്ല. എം.എ.എൽ.എയും കളക്ടറും അടക്കമുള്ള സൊസൈറ്റി ഭാരവാഹികൾ ഇന്നലെ രോഗികളെ സന്ദർശിച്ച് സൗകര്യങ്ങളെക്കുറിച്ച് അഭിപ്രായം ആരാഞ്ഞിരുന്നു.
കൂടുതൽ ജീവനക്കാർ
പ്രത്യേക ഫാർമസി
ആശുപത്രിയിലെ നഴ്സുമാരുടെ കുറവ് ഉടൻ പരിഹരിക്കും.നഴ്സുമാർക്ക് പുറമേ അക്കൗണ്ടന്റ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്താനും ജി.എസ്. ജയലാൽ എം.എൽ.എ, കളക്ടർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ഫാർമസി ആരംഭിക്കും.
റഫറൻസിന് നിയന്ത്രണം
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിക്കുന്ന രോഗികളെ അകാരണമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് റഫർ ചെയ്യുന്നതിനും നിയന്ത്രണം വന്നേക്കും. ഇതിനായി പ്രത്യേക മാനദണ്ഡം തയ്യാറാക്കും. ആശുപത്രിയിലുള്ള സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലായിരിക്കും പുതിയ മാനദണ്ഡം. അഥവാ റഫർ ചെയ്താൽ കാരണം കൃത്യമായി വ്യക്തമാക്കേണ്ടി വരും. ഇതിന് പുറമേ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള അകാരണ റഫറിംഗും നിയന്ത്രിച്ചേക്കും.