കൊല്ലം: പുരോഗമന കലാസാഹിത്യ സംഘവും കടയ്‌ക്കോട് വിശ്വംഭരൻ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയ പ്രൊഫ. കടയ്‌ക്കോട് വിശ്വംഭരൻ സ്മാരക കഥാപ്രസംഗ പുരസ്കാരത്തിന് കാഥിക വെളിനല്ലൂർ വസന്തകുമാരിയും കവിതാപുരസ്കാരത്തിന് കുരീപ്പുഴ ശ്രീകുമാറും അർഹരായി. 23ന് ഉച്ചയ്ക്ക് 2.30ന് എഴുകോൺ വിശ്വംഭരൻ സ്മൃതി മണ്ഡപത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്റി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. രാവിലെ 8ന് സ്മൃതിമണ്ഡപത്തിൽ പി.എ. എബ്രഹാം പതാക ഉയർത്തും. 9ന് കഥാപ്രസംഗ ശിൽപ്പശാല ഡോ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്യും. കല്ലട വി.വി.ജോസ്, പുളിമാത്ത് ശ്രീകുമാർ, വിനോദ് ചമ്പക്കര എന്നിവർ ക്ലാസെടുക്കും. നരിക്കൽ രാജീവ് മോഡറേ​റ്ററാകും. ഉച്ചയ്ക്ക് 1.30ന് കടയ്‌ക്കോട് വിശ്വംഭരന്റെ കാവ്യങ്ങളും കഥകളും കാഥികൻ ബി. സാംബശിവൻ അവതരിപ്പിക്കും. തുടർന്ന് കാഥിക സംഗമവും കഥാപ്രസംഗ മേളയും നടക്കും. പു.ക.സ ദക്ഷിണമേഖലാ സെക്രട്ടറി അഡ്വ. ഡി. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും. സ്‌നേഹലത, അനിതാ ചന്ദ്രൻ, റാണി മോനച്ചൻ, ദേവകിരൺ, ശരൺ തമ്പി, ഡിൽന, ദേവേന്ദു, ആർ. അനഘ തുടങ്ങിയവർ കഥാപ്രസംഗങ്ങൾ അവതരിപ്പിക്കും.

ഡോ. വസന്തകുമാർ സാംബശിവൻ ചെയർമാനായ ജൂറി കാഥിക പുരസ്‌ക്കാരവും ഡോ.സി. ഉണ്ണികൃഷ്ണൻ ചെയർമാനായ ജൂറി കവിതാ പുരസ്‌ക്കാരവും നിർണയിച്ചത്. ഡോ.വസന്തകുമാർ സാംബശിവൻ, എഴുകോൺ സന്തോഷ്, അഡ്വ.സുരേന്ദ്രൻ കടയ്‌ക്കോട്, വി.മഹേഷ് വിശ്വംഭരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.