photo
പ്രൊഫ.കടയ്ക്കോട് വിശ്വംഭരൻ

കൊല്ലം: "ഹേനയെന്നാണോ പെണ്ണിന്റെ നാമം, മേനക തോൽക്കും സൗന്ദര്യധാമം..." പ്രൊഫ.കടയ്ക്കോട് വിശ്വംഭരൻ പാടുമ്പോൾ സദസ് കണ്ണും കാതും കൂർപ്പിക്കും. 1960 കളിൽ കേരളത്തിലെ ഉത്സവ പറമ്പുകളിലും സാംസ്കാരിക വേദികളിലും ഹേനയുടെ ആർദ്രമായ പ്രണയകഥ കേൾക്കാൻ ആയിരങ്ങളാണ് വേദിയ്ക്ക് മുന്നിൽ കൂടിയിരുന്നത്. 'താമസി' എന്ന കഥയും ഈ പാട്ടും അത്രകണ്ട് ഹിറ്റായിരുന്നു! ബംഗാളി സാഹിത്യകാരൻ ജരാസന്ധന്റെ പ്രസിദ്ധമായ താമസി നോവൽ അതേ പേരിൽ കഥാപ്രസംഗമാക്കിയതാണ് കടയ്ക്കോട് വിശ്വംഭരൻ. കഥാപ്രസംഗത്തിൽ മലയാളി കേട്ട ആദ്യ ബംഗാളി സാഹിത്യ കൃതിയായിരുന്നു താമസി. കഥാപ്രസംഗത്തിന്റെ വസന്തകാലത്ത് ഉത്സവ പറമ്പുകളെയും സാംസ്കാരിക വേദികളെയും ആവേശഭരിതരാക്കിയ പ്രൊഫ.കടയ്ക്കോട് വിശ്വംഭരന്റെ ഓർമ്മകൾക്ക് മൂന്നാണ്ട് തികയുകയാണ്. കാഥികൻ വി.സാംബശിവന്റെ പേരിനൊപ്പം ചേർത്തുവയ്ക്കാവുന്ന കൊല്ലത്തിന്റെ മറ്റൊരു പ്രധാന കാഥികനായിരുന്നു കടയ്ക്കോട് വിശ്വംഭരൻ. ലോക സാഹിത്യകാരൻമാരെയും അവരുടെ ക്ളാസിക്കുകളെയും സാരണക്കാരായവർക്കുപോലും സുപരിചിതമാക്കിയതിൽ ഇവരുടെ കഥാപ്രസംഗങ്ങൾക്ക് വലിയ പങ്കുണ്ട്. വി.സാംബശിവനും കെ.കെ.വാദ്ധ്യാരും എം.പി.മന്മദനും കെടാമംഗലം സദാനന്ദനും നിറഞ്ഞുനിന്ന കഥാപ്രസംഗ കലയുടെ വസന്തകാലത്താണ് കടയ്ക്കോട് വിശ്വംഭരനും യുവശബ്ദമായി ആസ്വാദ മനസുകളിൽ കയറിപ്പറ്റിയത്. നാലര പതിറ്റാണ്ടുകാലംകൊണ്ട് മുപ്പതിലേറെ കഥകൾ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം അവതരിപ്പിച്ചു. മഹാഭാരതവും ബൈബിളും ലളിതമായ വാക്കുകളിലൂടെ അദ്ദേഹം മലയാള മനസുകളിൽ ഉറപ്പിച്ചു. കുമാരനാശാന്റെ ദുരവസ്ഥയും വള്ളത്തോളിന്റെ മഗ്ദലന മറിയവും പ്രൊഫ. എം.കെ.സാനുവിന്റെ ശ്രീനാരായണ ഗുരുസ്വാമിയും ബഷീറിന്റെ ബാല്യകാല സഖിയുമൊക്കെ കഥാപ്രസംഗമാക്കി അവതരിപ്പിച്ചു. കവിതകളെഴുതാറുള്ള കടയ്ക്കോട് വിശ്വംഭരൻ കഥാപ്രസംഗത്തെ അറിയാനും അറിയിക്കാനുമായി നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇന്ന് ഓർമ്മദിനത്തിൽ കഥാപ്രസംഗത്തിന് ഉണർവുണ്ടാക്കുന്ന തരത്തിൽ ഒട്ടേറെ പരിപാടികളാണ് പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ നടത്തുന്നത്.