പുനലൂർ: തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിൽ ജനവാസ മേഖലയോട് ചേർന്ന സ്ഥലങ്ങളിലെ വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് പി.എസ്.സുപാൽ എം.എൽ.എ പറഞ്ഞു. ഇത് സംബന്ധിച്ച് തെന്മല ശെന്തുരുണി കേന്ദ്രത്തിലെ ഓഫീസിൽ ചേർന്ന ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലകളിൽ കിടങ്ങുകൾ കുഴിക്കുകയും സോളാർ ഫെൻസിംഗുകളും സ്ഥാപിക്കും. ഇതിനാവശ്യമായ മാസ്റ്റർ പ്ലാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ തയ്യാറാക്കി നൽകാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുടർന്ന്
ഇതിനാവശ്യമായ ഫണ്ട് അനുവദിക്കും. മൂന്ന് പഞ്ചായത്തുകളിലെയും ജനവാസ മേഖലയോട് ചേർന്ന വനാതിർത്തികളിൽ എവിടെയെല്ലാം ഫെൻസിംഗും മറ്റും സ്ഥാപിക്കണമെന്ന് അടുത്ത ആഴ്ചയിൽ ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ചേർന്ന് തീരുമാനിക്കും. കഴിഞ്ഞ രണ്ട് വർഷമായി തെന്മല ,ആര്യങ്കാവ് പഞ്ചായത്തുകളിലാണ് കാട്ടാനയുടെ ശല്യം രൂക്ഷം. ഇത് കാരണം വനാതിർത്തിയോട് ചേർന്ന ജനവാസ മേഖലയിൽ താമസിക്കുന്നവർ കടുത്ത ആശങ്കയിലാണ് കഴിയുന്നെതെന്നും എം.എൽ.എ പറഞ്ഞു. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനാണ് സംയുക്ത യോഗം ചേർന്നത്. ജില്ല പഞ്ചായത്തംഗം കെ.അനിൽകുമാർ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ, തെന്മല പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ, ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡന്റ് സുജതോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കോമളകുമാർ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ ഷാനവാസ് ഖാൻ,കെ.പ്രദീപ്കുമാർ, അനിൽ ആന്റണി തുടങ്ങിയ നിരവധി പേർ യോഗത്തിൽ പങ്കെടുത്തു.