road

വീണ്ടും വിജ്ഞാപനം വേണ്ടിവരും

കൊല്ലം: ദേശീയപാത 66ന്റെ വികസനം ട്രാക്കിലേക്ക് നീങ്ങുമ്പോൾ പുത്തൻ പ്രതിസന്ധികൾ തലപൊക്കുന്നു. വികസനത്തിനായി അളന്നെടുത്ത സ്ഥലം പലയിടത്തം കാണാനില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം. കരുനാഗപ്പള്ളി താലൂക്കിലെ ചില പ്രദേശങ്ങളിലാണ് അളന്ന് ഏറ്റെടുത്ത ഭൂമിയിൽ കൂടുതൽ കുറവ് കണ്ടെത്തിയിട്ടുള്ളത്. അരമീറ്റർ മുതൽ ഒരു മീറ്റർ വരെ കുറവുണ്ട്. ഒരു വർഷം മുമ്പാണ് അലൈൻമെന്റ് അനുസരിച്ച് ഭൂമി അളന്ന് കല്ലിട്ടത്. ഇത്തരത്തിൽ സ്ഥാപിച്ച കല്ലുകൾ ചിലർ പിഴുതുമാറ്റിയതാണ് ഭൂമി കുറയാൻ കാരണം. ഇക്കൂട്ടത്തിൽ സർക്കാർ ഭൂമിയും ഉൾപ്പെടും. കരാർ കമ്പനിയുടെ നേതൃത്വത്തിൽ വീണ്ടും റോഡ് അളന്നപ്പോഴാണ് കുറവ് കണ്ടെത്തിയത്. പലയിടങ്ങളിലും പാതയ്ക്ക് 45 മീറ്റർ വീതിയില്ല. ഇതോടെ ജില്ലയിൽ ഏതാണ്ട് ഒന്നര ഹെക്ടർ സ്ഥലം വീണ്ടും വിജ്ഞാപനം ചെയ്ത് ഏറ്റെടുക്കേണ്ടതായി വരും. വിജ്ഞാപനം ഉടൻ പുറത്തിറക്കുമെന്നാണ് അറിയുന്നത്.

പാലങ്ങളുടെ പൈലിംഗ് തുടങ്ങി

ദേശീയപാത ആറുവരി പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി നീണ്ടകര, ഇത്തിക്കര പാലങ്ങളുടെ നിർമ്മാണത്തിനായി പൈലിംഗ് ജോലികൾ ആരംഭിച്ചു. ചവറ, കന്നേറ്റി പാലങ്ങളുടെ നിർമ്മാണത്തിനായി മണ്ണ് പരിശോധന നടന്നുവരുന്നു. നീണ്ടകരയിലും ഇത്തിക്കരയിലും നിലവിലെ പാലത്തിന്‌ സമാന്തരമായി ഇരുവശങ്ങളിലും രണ്ടുവരിയിൽ രണ്ട് പാലങ്ങളാവും നിർമ്മിക്കുക. ഓടയും സർവീസ് റോഡുകളുമാണ് ആദ്യം നിർമ്മിക്കുക. ചാത്തന്നൂരിൽ ഇവയുടെ നിർമ്മാണ ജോലികൾ ആരംഭിച്ചു. ഓടകളെ ബന്ധിപ്പിക്കുന്ന ബോക്സ് കൾവർട്ടുകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. പാതയോരത്തും ഏറ്റെടുത്ത സ്ഥലങ്ങളിലെയും മരങ്ങൾ മുറിച്ചു നീക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്.

പൊളിച്ചു നീക്കാൻ 160 കെട്ടിടങ്ങൾ

ജില്ലയിലാകെ 160 കെട്ടിടങ്ങളാണ് ഇനി പൊളിച്ചു നീക്കാനുള്ളത്. സർക്കാർ കെട്ടിടങ്ങളാണ് ഇതിൽ കൂടുതൽ. അഞ്ചോളം സ്കൂളുകളുമുണ്ട്. കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ്.

ജില്ലയിൽ ദേശീയപാത

ഓച്ചിറ - കടമ്പാട്ടുകോണം ദൂരം: 55 കിലോമീറ്റർ

പാത: 6 വരി

ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളെല്ലാം ഈയാഴ്ച തന്നെ പൊളിച്ചു നീക്കും.

വികസന ജോലികൾ വേഗതയിൽ നടക്കുന്നു.

എം.കെ. റഹ്മാൻ,

ലെയ്സൺ ഓഫീസർ