a

കൊല്ലം: ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും ഒത്താശയോടെ യുവതിക്ക് നഗ്നപൂ‌ജ നടത്താനൊരുങ്ങിയ ചടയമംഗലത്തെ മന്ത്രവാദിയുടെ സഹായി സ്വന്തം ഭാര്യയെയും കാടത്തത്തിന് നിർബന്ധിച്ചു. മന്ത്രവാദി അബ്ദുൽ ജബ്ബാറിന്റെ മുഖ്യസഹായി സിദ്ദിഖിന്റെ ഭാര്യയും ഭാര്യാമാതാവും ഇന്നലെ ചടയമംഗലം പൊലീസിനു നൽകിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ഗർഭിണിയായിരുന്നപ്പോൾ, ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാൻ അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്നപൂജ നടത്തണമെന്നും സിദ്ദിഖ് നിരന്തരം ആവശ്യപ്പെട്ടു. ജനിക്കാൻ പോകുന്നത് ചാപിളളയാണെന്ന് പറഞ്ഞും നിർബന്ധിച്ചെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.

2019 ഏപ്രിൽ 25നാണ് ഓയൂർ വട്ടപ്പാറ സ്വദേശിനിയെ സിദ്ദിഖ് വിവാഹം ചെയ്തത്. എന്നാൽ രജിസ്റ്റർ ചെയ്യാൻ ഇയാൾ തയ്യാറായില്ല. മകൾക്ക് പ്രേതബാതയുണ്ടെന്ന് പറഞ്ഞ് വിവാഹദിവസം തന്നെ സിദ്ദിഖ് ഫോൺ ചെയ്തതായി യുവതിയുടെ മാതാവ് പറഞ്ഞു. രാത്രി ലഹരി വസ്തുക്കൾ നൽകി മയക്കുന്നതും പതിവാണ്. ബാധ മാറാനും വീട്ടിൽ സമ്പത്ത് വരാനും 40 ദിവസം യുവതിയുടെ അമ്മയെയും പൂജയ്ക്ക് നിർബന്ധിച്ചു. ഒരു ദിവസം രാത്രി സഹോദരിമാരെ അടക്കം പൂജയ്ക്ക് കൊണ്ടുപോകാൻ ഒരു സംഘം വാഹനത്തിലെത്തി. അന്ന് 13 വയസ് പ്രായമുണ്ടായിരുന്ന ഇളയ കുട്ടിയെ കന്യകാപൂജ നടത്തണമെന്ന് ആവശ്യപ്പെട്ട് മുറിയിലിട്ട് പൂട്ടാൻ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന നാലുപേരും ഒരു മുറിയിൽ കയറി വാതിൽ അടച്ചാണ് രക്ഷപ്പെട്ടത്.

വിവാഹം ശേഷം ആറു മാസം മാത്രമാണ് മകൾ സിദ്ദിഖിനോടൊപ്പം താമസിച്ചത്. വിവാഹമോചനത്തിനായി കോടതിയിൽ കേസുണ്ട്. വിവാഹം കഴിഞ്ഞ് 10 ദിവസത്തിന് ശേഷം 30 പവൻ സിദ്ദിഖ് കടയ്ക്കലുള്ള ജുവലറിയിൽ വിൽപ്പന നടത്തി. 5 ലക്ഷം രൂപയും തട്ടിയെടുത്തു. സംഘത്തിന് മയക്കു മരുന്ന് മാഫിയയുമായി ബന്ധമുണ്ട്.

ഒരു വർഷം മുമ്പ് സംഘത്തിനെതിരെ റൂറൽ എസ്.പി ഓഫീസിലെ വനിതാ സെല്ലിലും ചടയമംഗലം പൊലീസിലും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. വനിതാ സെല്ലിലെ പൊലീസുകാർ അധിക്ഷേപിച്ചെന്നും ഇരുവരും പറയുന്നു.

ഇന്നലെ അറസ്റ്റിലായ ചടയമംഗലം നെട്ടേത്തറ ശ്രുതിയിൽ ലൈഷയെ കോടതി റിമാൻഡ് ചെയ്തു. ഇവരുടെ മകൻ ഷാലു,​ മന്ത്രവാദി അബ്ദുൾ ജബ്ബാർ,​ സിദ്ദിഖ് എന്നിവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.