കൊല്ലം: കാട്ടുപന്നി കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതോടെ കൃഷിയിൽ നിന്ന് പിന്മാറി കളപ്പിലയിലെ കർഷകർ. കളപ്പില, ആലേത്ത്, കോടന്നൂർ, ആലങ്കോട്ട്, തോടന്നൂർ വയലുകളിൽ കൃഷി ചെയ്തവർക്ക് പന്നിശല്യത്തെ തുടർന്ന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. രാത്രിയിൽ കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ കൃഷിയിടങ്ങൾ ഉഴുതുമറിച്ച് മരച്ചീനി, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകളാണ് കൂടുതലായും നശിപ്പിക്കുന്നത്. വാഴകൾ കുത്തിമറിച്ചിടുന്നതും പതിവാണ്.
കൃഷിവകുപ്പ് അധികൃതർ തിരിഞ്ഞു നോക്കിയില്ല
കാർഷിക വിളകൾ പൂർണമായി നശിക്കുന്നതിനാൽ കൃഷിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നാണ് കർഷകർ പറയുന്നത്. കൂട്ടത്തോടെയെത്തുന്നതിനാൽ പന്നികളെ ആട്ടിപ്പായിക്കാനും കഴിയുന്നില്ല. രാത്രി വൈകി ഇരുചക്രവാഹനത്തിലും മറ്റും എത്തുന്നവർ ഇവയുടെ ശല്യത്തെ തുടർന്ന് അപകടത്തിൽ പെടുന്നതും നിത്യ സംഭവമായിട്ടും അധികൃതർ നടപടികളൊന്നും സ്വീകരിക്കുന്നില്ല. പന്നികളുടെ ശല്യത്തിൽ നിന്ന് സംരക്ഷണം നൽകാൻ കൃഷിവകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും കർഷകർ ആരോപിക്കുന്നു.
കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ടും നഷ്ടവും മനസിലാക്കാൻ അധികൃതർക്കാകുന്നില്ല. പന്നികളുടെ ശല്യത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിനും ആശങ്ക പരിഹരിക്കുന്നതിനും നടപടിയുണ്ടാകണം.
എൻ. അശോകൻ കളപ്പില,
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ കമ്മിറ്റി അംഗം