കൊല്ലം: സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടിയുയരും.വൈകിട്ട് 5.30ന് വിവിധ കേന്ദ്രങ്ങളിൽ നിന്നും എത്തുന്ന ദീപശിഖ, കൊടിമര, പതാക ജാഥകൾ പൊതുസമ്മേളനം നടക്കുന്ന കന്റോൺമെന്റ് മൈതാനത്ത് എത്തിച്ചേരും. ദീപശിഖ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി.എൻ.പത്മലോചനനും, പതാക സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജഗോപാലും, കൊടിമരം അഡ്വ.ഇ.ഷാനവാസ്‌ഖാനും ഏറ്റുവാങ്ങും. സംഘാടകസമിതി ചെയർമാൻ എക്സ്.ഏണസ്റ്റ് പതാക ഉയർത്തും. എം.എസ്.മുരളി ക്യാപ്റ്റനായി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കുന്ന കൊടിമര ജാഥ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്.സുദേവനും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എം.ശിവശങ്കരപ്പിള്ള ക്യാപ്റ്റനായ പതാക ജാഥ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ ബി.തുളസീധര കുറുപ്പും ഉദ്ഘാടനം ചെയ്യും. തൊഴിലാളികളായിരുന്ന ജില്ലയിലെ 8 രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽ നിന്നുമാരംഭിക്കുന്ന ദീപശിഖാ ജാഥ കൊട്ടാരക്കര തങ്ങൾക്കുഞ്ഞ് അബ്ദുൽ മജീദ് രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.സജിയാണ് ജാഥാ ക്യാപ്റ്റൻ. തിങ്കളാഴ്ച രാവിലെ ചേരുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.