കൊല്ലം: കാൽനടയാത്രയ്ക്ക് പോലും കഴിയാതെ തകർന്ന് ദയനീയാവസ്ഥയിലായിട്ടും മയ്യനാട് വലിയവിള- സുനാമിഫ്ലാറ്റ് റോഡ് പുനർനിർമ്മിക്കാനോ അറ്റകുറ്റപണികൾ നടത്താനോ അധികൃതർ തയാറാകാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. വയലിൽ മാടൻനട, വലിയവിള മാടൻനട റോഡുകൾ തകർന്നിട്ട് വർഷങ്ങളായി. മയ്യനാട് പഞ്ചായത്തും, പൊതുമരാമത്ത് അധികൃതരും അറ്റകുറ്റപണികൾ ഉടൻ നടത്തുമെന്ന് വാഗ്‌ദാനം നൽകിയിട്ട് കാലങ്ങളായെങ്കിലും നടപടികളൊന്നും ഇതുവരെയും സ്വീകരിച്ചിട്ടില്ല. ഇതുവഴിയുള്ള യാത്രയിലൂടെ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. കാൽനട യാത്രപോലും ദുസഹമായ റോഡിൽ വയോധികർ വീണ് പരിക്കേൽക്കുന്നത് സ്ഥിരംകാഴ്ചയാണ്. വലിയവിള റോഡിലേക്കുള്ള കുറച്ചുഭാഗം അടുത്തിടെ പുനർനിർമ്മിച്ചെങ്കിലും ബാക്കിയുള്ള ഭാഗം പൂർണമായും ഇല്ലാതായ അവസ്ഥയിലാണ്. ടാർ ചെയ്ത റോഡാണെങ്കിലും അത്തരത്തിലുള്ളതാണെന്ന് തിരിച്ചറിയുന്നത് പ്രയാസമാണ്. പൂർണമായും പുനർനിർമ്മിച്ചില്ലെങ്കിലും അറ്റകുറ്റപണികളെങ്കിലും നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
'' റോഡിന്റെ അവസ്ഥ ദയനീയമാണ്. കാൽനടയാത്രക്കാരായ വയോധികരടക്കമുള്ളവർ അടിതെറ്റി വീണ് പരിക്കേറ്റിട്ടും അധികൃതർ റോഡിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. അടിയന്തരമായി റോഡ് പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണം""- പുഷ്പകുമാർ (പ്രസിഡന്റ്) , ബാബുരാജൻ (സെക്രട്ടറി), എസ്.എൻ.ഡി.പി യോഗം 6404-ാം നമ്പർ മയ്യനാട് വെസ്റ്റ് ശാഖ