കൊല്ലം: തൃക്കടവൂർ വെങ്കേക്കര കടവിൽ നിന്ന് ആശ്രാമം ഇ.എസ്.ഐയ്ക്ക് സമീപം മൂലങ്കര കടവിലേക്ക് പാലം നിർമ്മിക്കുമെന്ന വർഷങ്ങൾക്ക് മുമ്പുള്ള വാഗ്‌ദാനം ജലരേഖയായി. തൃക്കടവൂർ പഞ്ചായത്ത് കൊല്ലം കോർപ്പറേഷനിലേക്ക് ലയിപ്പിക്കുന്നതിന് മുമ്പാണ് അധികൃതർ പാലം നിർമ്മിക്കുമെന്ന് പറഞ്ഞത്. കപ്പലണ്ടി മുക്ക്- ആശ്രാമം മുനീശ്വരൻ കോവിൽ നാലുവരിപ്പാത വന്നതോടെ പാലത്തിന്റെ ഗതാഗത സാദ്ധ്യത വർദ്ധിച്ചെങ്കിലും അധികൃതരാരും ഇക്കാര്യത്തിൽ അനുഭാവപൂർവ്വമായ സമീപനം സ്വീകരിച്ചില്ല. പാലം നിർമ്മാണം സാദ്ധ്യമായാൽ നഗര കേന്ദ്രമായ ചിന്നക്കടയിൽ നിന്ന് തൃക്കടവൂർ ഭാഗത്തേക്കും ബൈപാസിലേക്കും മിനിട്ടുകൾക്കുള്ളിൽ എത്താനും ഹൈസ്‌കൂൾ ജംഗ്‌ഷൻ, തേവള്ളി, കോട്ടയത്ത് കടവ് ഭാഗത്തെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കാനും കഴിയും. ആലപ്പുഴ ഭാഗത്തേക്കുള്ള ദീർഘദൂര ബസുകൾക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് നഗരത്തിലെ ഗതാഗതകുരുക്കിൽപ്പെടാതെ വേഗത്തിൽ ബൈപ്പാസിലെത്താനും സമയനഷ്ടം ഒഴിവാക്കാനും സാധിക്കും. കായലിലൂടെ ഏകദേശം 400 മീറ്റർ നീളമുള്ള ഈ ഭാഗത്ത് നിലവിൽ പൊതുമരാമത്തിന്റെ കടത്ത് പ്രവർത്തിക്കുന്നുണ്ട്. നൂറോളം യാത്രക്കാർ ഈ കടത്തിനെ ആശ്രയിക്കുന്നത് പരിഗണിച്ചാണ് ഈ ഭാഗത്ത് പാലം നിർമ്മിക്കുമെന്ന് അധികൃതർ പറഞ്ഞത്.

''വെങ്കേക്കര കടവിൽ നിന്ന് നൂറോളം യാത്രക്കാരാണ് കായൽ കടന്ന് ആശ്രാമത്തേക്ക് സഞ്ചരിക്കുന്നത്. ഇ.എസ്.ഐ ആശുപത്രിയുൾപ്പെടെ നഗര കേന്ദ്രത്തിലെ നിരവധി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരും ഈ ഭാഗത്തെ കടത്തിനെ ആശ്രയിക്കുന്നുണ്ട്. ഇവിടെ പാലം നിർമ്മിക്കുമെന്ന വാഗ്ദാനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്""- സിബു വൈഷ്‌ണവ്, ജില്ലാ ചെയർമാൻ, എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റ്

''പി.കെ. ഗുരുദാസൻ എം.എൽ.എ ആയിരുന്നപ്പോഴാണ് വികസനപദ്ധതിയിലുൾപ്പെടുത്തി പാലം നിർമ്മിക്കുമെന്ന് അധികൃതർ വാഗ്ദാനം നൽകിയത്. എന്നാൽ തൃക്കടവൂർ പഞ്ചായത്ത് കോർപ്പറേഷനിൽ ലയിച്ചതോടെ ഇക്കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണ്"'- എയ്ഞ്ചൽ, സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗം, പത്രം ഏജന്റ്