photo
അരവ് മാലിന്യങ്ങളും കുളവാഴയും നിറഞ്ഞ് കിടക്കുന്ന തഴവയൽ തോട്

കരുനാഗപ്പള്ളി : തഴവയിലെയും തൊടിയൂരിലെയും കർഷകരുടെ ഹൃദയതാളമായിരുന്നു നെൽക്കൃഷി. എന്നാൽ നെൽക്കൃഷിയുടെ പച്ചപ്പെല്ലാം ഓർമ്മയായി മാറിയ കാലത്തുനിന്ന് നെൽക്കൃഷി വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. കൃഷിവകുപ്പും ഓണാട്ടുകര വികസന ഏജൻസിയും സംയുക്തമായാണ് തഴവ , തൊടിയൂർ പഞ്ചായത്തുകളിൽ പുതിയ പദ്ധതിക്ക് തുടക്കമിടുന്നത്. പദ്ധതി പൂർണമായും നടപ്പാക്കുന്നതോടെ തഴവയിൽ 1250 ഏക്കർ പാടശേഖരത്തും തൊയിടൂരിൽ 60 ഏക്കർ നെൽപ്പാടത്തും കൃഷി ഇറക്കാൻ കഴിയും.

തഴവയിൽ 1250 ഏക്കർ

തൊയിടൂരിൽ 60 ഏക്കർ

കർഷകരെ വിളിച്ചുകൂട്ടി

രണ്ട് പൂവ് നെല്ലും ഒരു പൂവ് എള്ളുമാണ് കൃഷി ചെയ്യുന്നത്. പുതുതായി നെൽകൃഷി ചെയ്യുന്നതിന്റെ ആദ്യപടിയായി കർഷകരെ വിളിച്ചുകൂട്ടി ചർച്ച നടത്തി. 150 ഓളം കർഷകർ യോഗത്തിൽ പങ്കെടുത്തതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതോടെ 65 ഓളം ഏക്കർ സ്ഥലത്ത് നെൽകൃഷി ആരംഭിച്ചു കഴിഞ്ഞു. ഉമ, ജ്യോതി എന്നീ വിത്തുകൾ മുളപ്പിച്ച് ഞാറാക്കി നെൽവയലുകളിൽ നടുകയായിരുന്നു.

തഴവയൽ തോട് നവീകരിക്കും

കൃഷിക്ക് വെള്ളം എത്തിക്കാൻ തഴവയൽ തോടിന്റെ നവീകരണം ഉടനെ ആരംഭിക്കും. 8 ലക്ഷം രൂപ ചെലവഴിച്ചാണ് തോട് നവീകരിക്കുന്നത്. അറവ് മാലിന്യങ്ങളും കുളവാഴകളും കൊണ്ട് മൂടിയ തോട്ടിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിരിക്കുകയാണ്.

കൈയ്യേറി കൈയ്യേറി തോടില്ലാതായി

പള്ളിക്കലാറ്റിൽ നിന്ന് ആരംഭിക്കുന്ന തോട്ടിലെ ജലം കരുനാഗപ്പള്ളി തൊടിയൂർ, തഴവാ, വള്ളികുന്നം, ഓച്ചിറ, കൃഷ്ണപുരം എന്നിവിടങ്ങളിലൂടെ ഒഴുകി കായംകുളം കായലിലാണ് പതിക്കുന്നത്. തഴവയൽ തഴവാ, കുലശേഖരപുരം, തൊടിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്നു. 15 മീറ്രറോളം വീതി ഉണ്ടായിരുന്ന തോട് ശോഷിച്ച് ഇപ്പോൾ 5 മീറ്രറിൽ താഴെ മാത്രമാണ് വീതി.

മൂന്ന് പതിറ്റാണ്ടിന് മുമ്പ് വരെ യാത്ര ചെയ്യുന്നതിനും തോടിനെ ആശ്രയിച്ചിരുന്നു. തോട്ടിൽ വ്യാപകമായ കൈയ്യേറ്റമാണ് നടന്നിട്ടുള്ളതെന്ന് കർഷകരും പറയുന്നു.

പദ്ധതി ആരംഭിക്കുന്നതിന്റെ ആദ്യപടിയായി തോട്ടിൽ നിന്ന് മാലിന്യങ്ങളും കുളവാഴയും നീക്കം ചെയ്ത് നീരോഴുക്ക് സുഗമമാക്കും. തുടർന്ന് തോട് അളന്ന് തിട്ടപ്പെടുത്തി , കൈയ്യേറ്റം ഒഴിപ്പിക്കും. എല്ലാ പദ്ധതികളും സമയബന്ധിതമായി തീർക്കും.

എൻ.രവീന്ദ്രൻ(ഒണാട്ടുകര വികസനഏജൻസി വൈസ് ചെയർമാൻ)

ബിനേഷ് (ചീഫ് ഡെവലപ്പ്മെന്റ് ഓഫീസർ)