 ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനൽ നവംബർ 26ന് അഷ്ടമുടിക്കായലിൽ

കൊല്ലം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഷ്ടമുടിക്കായൽ ജലരാജാക്കന്മാരുടെ ആറാട്ടിനൊരുങ്ങുന്നു. അടുത്തമാസം 26ന് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഫൈനൽ അഷ്ടമുടിക്കായലിൽ നടക്കും. ഇതിലെ വിജയിക്കായിരിക്കും അഷ്ടമുടിക്കായലിൽ നേരത്തെ നടന്നുവന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ജേതാവ്. മത്സരത്തിനായി ട്രാക്കും പവലിയനുകളും സജ്ജമാക്കാനുള്ള പരിശോധനകൾ തുടങ്ങി.

നെഹ്റു ട്രോഫിയിൽ തുടങ്ങി കൈനകരി ജലോത്സവം വരെയുള്ള ഏഴ് ലീഗ് മത്സരങ്ങൾ പൂർത്തിയായപ്പോൾ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽമേക്കതിൽ ചുണ്ടനാണ് (ട്രോപ്പിക്കൽ ടൈറ്റാൻസ്)മുന്നിൽ. കുമരകരം എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടനാണ് 52 പോയിന്റുമായി രണ്ടാം സ്ഥാനത്ത്. 50 പോയിന്റുമായി കേരള പൊലീസിന്റെ ചമ്പക്കുളം ചുണ്ടൻ തൊട്ടുപിന്നിലുണ്ട്. ഓരോ ലീഗ് മത്സരങ്ങളിലും ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾക്ക് യഥാക്രമം 10, 9, 8 എന്നിങ്ങനെ പോയിന്റ് ലഭിക്കും. എല്ലാ ലീഗ് മത്സരങ്ങളിലുമായി ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാകും ചാമ്പ്യൻസ് ബോട്ട് ലീഗ് ജേതാവ്.

പ്രസി‌ഡന്റ് ട്രോഫി അടക്കം ഇനി അഞ്ച് ലീഗ് മത്സരങ്ങൾ കൂടി നടക്കാനുണ്ട്. സെമിഫൈനൽ എന്ന് വിശേഷിപ്പിക്കാവുന്ന പതിനൊന്നാം ലീഗ് മത്സരമായ കല്ലട ജലോത്സവം നവംബർ 19ന് നടക്കും.

ചുണ്ടൻ വള്ളങ്ങളും പോയിന്റ് നിലയും

(കൈനകരി ജലോത്സവം കഴിഞ്ഞപ്പോൾ)

1. മഹാദേവിക്കാട് കാട്ടിൽ മേക്കതിൽ- 68

2. നടുഭാഗം - 60

3. ചമ്പക്കുളം - 52

4.വീയാപുരം - 50

5. പായിപ്പാടൻ - 42

6. കാരിച്ചാൽ - 36

7. സെന്റ് പയസ് - 24

8. ആയാപറമ്പ് -23

9. ദേവസ്- 23

ചെറുവള്ളങ്ങൾക്കായി ആലോചന

പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ മത്സരത്തിന് പുറമേ ചെറുവള്ളങ്ങളുടെ മത്സരവും ഉണ്ടായിരുന്നു. ഇത്തവണ ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരം കൂടി ഉൾപ്പെടുത്താൻ ആലോചനയുണ്ട്. ഇതിനുള്ള പണമാണ് പ്രശ്നം. ഇക്കാര്യത്തിൽ ബുധനാഴ്ച ജലോത്സവുമായി ബന്ധപ്പെട്ട് ചേരുന്ന ആലോചന യോഗത്തിൽ തീരുമാനമെടുക്കും.