കൊല്ലം: ഇ.എസ്.ഐ പദ്ധതിയിൽ അംഗമായ പരിരക്ഷിത വ്യക്തി തൊഴിൽ അപകടം കാരണം മരിച്ചാൽ ആശ്രിതർക്ക് തുടർന്നും ആനുകൂല്യം ലഭ്യമാകുമെന്ന കാര്യം പലർക്കും അറിയില്ല. ശരാശരി വേതനത്തിന്റെ 90 ശതമാനം നിശ്ചിത അനുപാതത്തിൽ ആശ്രിതർക്ക് ചികിത്സാആനുകൂല്യമായി ലഭിക്കും. പരിരക്ഷിത വ്യക്തിയുടെ സംസ്കാര ചെലവുകൾക്കായി പരമാവധി 15,000 രൂപ വരെ സാമ്പത്തിക ആനുകൂല്യവും ലഭിക്കും. തൊഴിൽ അപകടം കാരണമുണ്ടാകുന്ന അവശതകൾക്ക് അവ നിലനിൽക്കുന്നിടത്തോളം കാലം ചികിത്സാആനുകൂല്യവും ലഭിക്കും. പരിരക്ഷിത വ്യക്തി മരിക്കുകയോ അപകടം കാരണം അവശത അനുഭവിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ചികിത്സാ അനുകൂല്യങ്ങൾ ലഭ്യമാകില്ലെന്ന ധാരണയാണ് പലർക്കുമുള്ളത്. ഇ.എസ്.ഐ ആശുപത്രികൾ റഫർ ചെയ്യുന്ന എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്കും നിബന്ധനകൾക്ക് വിധേയമായി ചെലവ് തുക ലഭിക്കും.

പ്രതിവർഷം 120രൂപയ്ക്ക് ആനുകൂല്യം തുടരാം

അഞ്ച് വർഷത്തിൽ കുറയാതെ പരിരക്ഷിത വ്യക്തിയായിരിക്കെ വിരമിക്കൽ പ്രായപരിധി എത്തിയത് കാരണമോ,​ സ്വമേധയാ പിരിഞ്ഞുപോകുന്നവർക്കും ജീവിത പങ്കാളിക്കും പ്രതിവർഷം 120 രൂപ അടച്ച് ചികിത്സാആനുകൂല്യം നേടാം. ഈ ആനുകൂല്യം കൈപ്പറ്റുന്ന വ്യക്തി മരിച്ചാൽ വിധവയ്ക്കും ആശ്രിത ആനുകൂല്യം തുടർന്ന് ലഭ്യമാകും.

ആശ്രിത ആനുകൂല്യം

1. തൊഴിൽ അപകടം കാരണം മരിക്കുന്ന പരിരക്ഷിത വ്യക്തിയുടെ ആശ്രിതർക്ക്

2. വിധവയ്ക്ക് ആജീവനാന്തമോ പുനർവിവാഹം വരെയോ

3. ആശ്രിതരായ ആൺകുട്ടികൾക്ക് 25 വയസുവരെ

4. ആശ്രിതരായ പെൺകുട്ടികൾക്ക് വിവാഹം വരെ

5. വൈകല്യമുള്ള കുട്ടികൾക്ക് വൈകല്യം നിലനിൽക്കുന്നിടത്തോളം കാലം

6. ആശ്രിതരായ മാതാപിതാക്കൾക്ക് ആജീവനാന്തകാലം

അവശത ആനുകൂല്യം

 തൊഴിൽ അപകടം കാരണമുണ്ടാകുന്ന പരിക്കുകൾക്ക് വിഹിത നിബന്ധനകളില്ലാതെ താത്കാലിക അവശത ആനുകൂല്യം

 ശരാശരി വേതനത്തിന്റെ 90 ശതമാനം നിരക്കിൽ അവശതയുള്ളിടത്തോളം കാലം

 തൊഴിൽജന്യരോഗങ്ങൾക്ക് ശരാശരി വേതനത്തിന്റെ 90 ശതമാനം നിരക്കിൽ

 സമ്പൂർണ സ്ഥിര അവശതയ്ക്ക് ശരാശരി വേതനത്തിന്റെ 90 ശതമാനം നിരക്കിൽ

 സ്ഥിരമായ ഭാഗീക അവശതകൾക്ക് വരുമാന ശേഷിയുടെ നഷ്ടത്തിന്റെ ആനുപാതികമായി ആജീവനാന്തം

ആനുകൂല്യങ്ങളുടെ കാലയളവ്

1. പരിരക്ഷിതവ്യക്തിക്കും കുടുംബാംഗങ്ങൾക്കും തൊഴിലിൽ പ്രവേശിക്കുന്ന ആദ്യദിനം മുതൽ

2. തൊഴിലിൽ തുടരുന്ന കാലയളവ് കൂടാതെ ആനുകൂല്യകാലയളവ് തീരുന്നത് വരെ

പൊതുപരാതി പരിഹാരം

 ഇ.എസ്.ഐ ഹെഡ് ക്വാർട്ടേഴ്‌സ്

 റീജിയണൽ ഓഫീസ്

 സബ് റീജിയണൽ ഓഫീസ്

 ബ്രാഞ്ച് ഓഫീസ്

 ഇ.എസ്.ഐ ഡിസ്പെൻസറികൾ, ആശുപത്രികൾ

പരാതിപരിഹാരം ടോൾ ഫ്രീ നമ്പർ: 1800 11 2526

പബ്ലിക് ഗ്രിവൻസ് ഓഫീസർ, ആശ്രാമം: 0474 2761190

ആനുകൂല്യത്തിലുള്ള പരാതികൾ

റീജിയണൽ ഡെപ്യുട്ടി. ഡയറക്ടർ, സൗത്ത് സോൺ: 0474 2742341