
കൊല്ലം: ഹരിതകർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം വേർതിരിക്കൽ കേന്ദ്രങ്ങളിലേക്ക് എത്തിക്കാൻ കോർപ്പറേഷൻ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വാങ്ങുന്നു. അഞ്ച് സോണൽ ഓഫീസുകളും അഞ്ച് ഹെൽത്ത് ഡിവിഷനുകളും കേന്ദ്രീകരിച്ച് സർവീസ് നടത്താൻ പത്ത് ഇ- ഓട്ടോകൾ വാങ്ങാനാണ് ആലോചന.
ഇത്തവണത്തെ വാർഷിക പദ്ധതിയിൽ ഹരിതകർമ്മസേനയ്ക്ക് വാഹനം വാങ്ങാൻ 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. സർക്കാർ പോർട്ടലായ ജെം വഴിയാകും ഇ- ഓട്ടോറിക്ഷകൾ വാങ്ങുക. ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകി ഡ്രൈവർമാരായി നിയോഗിക്കും. ഹരിതകർമ്മസേന എത്തിക്കുന്ന മാലിന്യം എം.സി.എഫുകളിൽ നിന്നും ആർ.ആർ.എഫുകളിൽ എത്തിക്കാൻ നേരത്തെ നഗരസഭ രണ്ട് ടിപ്പർ ലോറികൾ വാങ്ങിയിരുന്നു.
വാഹന സൗകര്യമില്ലാത്തതിനാൽ ഹരിതകർമ്മസേനാംഗങ്ങൾ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം റോഡ് വക്കുകളിലാണ് സൂക്ഷിക്കുന്നത്. തെരുവ് നായകൾ ഈ ചാക്ക് കെട്ടുകൾ വലിച്ചുകീറി പരിസരത്താകെയിടാറുണ്ട്. ഓട്ടോറിക്ഷകൾ വരുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. ഓരോ പ്രദേശത്തും നിന്നും ശേഖരിക്കുന്ന മാലിന്യം അന്നന്നോ തൊട്ടടുത്ത ദിവസങ്ങളിലോ വേർതിരിക്കാനായി എം.സി.എഫുകളിലേക്ക് മാറ്റും. നഗരത്തിൽ നിലവിൽ 10 എം.സി.എഫുകളാണ് സജ്ജമാക്കിയിട്ടുള്ളത്. വേർതിരിച്ച മാലിന്യം സംസ്കരണത്തിന് കൈമാറുന്നതിന് മുന്നോടിയായി ഇടിച്ച് പരത്താൻ ഒരു ആർ.ആർ.എഫ് കൂരീപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ട്. രണ്ടാമത്തേത് വൈകാതെ ഭരണിക്കാവിൽ സജ്ജമാകും. പ്ലാസ്റ്റിക്കിന് പുറമേ റബ്ബർ, ലെതർ മാലിന്യങ്ങളും ഹരിതകർമ്മസേന ശേഖരിക്കുന്നുണ്ട്.
അഷ്ടമുടി ക്ലീനാക്കാൻ സിൽറ്റ് പുഷർ
അഷ്ടമുടിക്കായൽ ശുചീകരിക്കാൻ കോർപ്പറേഷൻ സിയാലിൽ നിന്നും സിൽറ്റ് പുഷർ യന്ത്രം വൈകാതെ വാടകയ്ക്കെടുക്കും. ഇതുബസംബന്ധിച്ച സിയാലിന്റെ നിബന്ധനകൾ അടുത്ത കൗൺസിൽ യോഗം പരിഗണിക്കും. ബുൾഡോസർ കരയിൽ പ്രവർത്തിക്കുന്നത് പോലെ വെള്ളത്തിൽ പ്രവർത്തിക്കുന്ന യന്ത്രമായ സിൽറ്റ് പുഷർ ഒന്നര മീറ്റർ വരെ ആഴത്തിലുള്ള ചെളി കോരിയെടുത്ത് കരയിലെത്തിക്കും. ഇപ്പോൾ നടക്കുന്ന ശുചീകരണത്തിൽ ഉപരിതലത്തിലെ മാലിന്യം മാത്രമാണ് നീക്കം ചെയ്യുന്നത്. അടിത്തട്ടിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം നീക്കം ചെയ്യാനാകാത്തത് കായലിലെ മത്സ്യസമ്പത്തിനെ കാര്യമായി ബാധിക്കുന്നുണ്ട്. അടിത്തട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പുറമേ യന്ത്രത്തിന്റെ ഇരുവശവുമുള്ള ഡോസർ ബ്ലേഡുകൾ ജലോപരിതലത്തിലെ മാലിന്യവും പായലും കോരിയെടുത്ത് കരയിലെത്തിക്കും. ഒരു മണിക്കൂറിനുള്ളിൽ നൂറ് ചതുരശ്രമീറ്റർ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാൻ കഴിയും.