
മുണ്ടയ്ക്കൽ കേന്ദ്രീകരിച്ചുള്ള സംഘം ഒരുമാസം
വിൽക്കുന്നത് 10000 ഗുളികകൾ
കൊല്ലം: വിവിധ കൊറിയർ സ്ഥാപനങ്ങളിൽ എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2000 ലഹരി ഗുളികകളുമായി രണ്ട് യുവാക്കൾ പിടിയിലായി. മയ്യനാട് വലിയവിള സുനാമി ഫ്ലാറ്റിൽ ബ്ലോക്ക് 19/1 ൽ നിന്ന് ഉളിയക്കോവിൽ ശ്രീഭദ്റ നഗർ 170 വിഷ്ണു നിവാസിൽ അനന്തു (29) കൊല്ലം മുണ്ടയ്ക്കൽ തിരുവാതിര നഗർ 10 പുതുവൽ പുരയിടത്തിൽ അലക്‌സ് (26) എന്നിവരാണ് ആശ്രാമത്ത് നിന്ന് പിടിയിലായത്. ആശ്രാമത്തെ സ്വകാര്യ കൊറിയർ കമ്പനി വഴി മുംബൈയിൽ നിന്ന് വരുത്തിയ ഗുളികകൾ വാങ്ങാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
നാഡീഞരമ്പുകളെ ഗുരുതരമായി ബാധിക്കുന്ന വേദനസംഹാരി ഇനത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ വിൽക്കുന്നതിനായി അനന്ദുവിന്റെ നേതൃത്വത്തിൽ 20 ഓളം യുവാക്കൾ അടങ്ങിയ സംഘം മുണ്ടയ്ക്കൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിമാസം 8000 മുതൽ 10000 ഗുളികകൾ വരെ മുംബൈയിൽ നിന്ന് കൊറിയർ വഴി എത്തിക്കുകയും ഒരു ഗുളിക 200 രൂപ നിരക്കിൽ സംഘാംഗങ്ങളായ യുവാക്കൾ വഴി വിൽക്കുന്നതുമാണ് ഇവരുടെ രീതി. ഈ ഗുളികകൾ പൊടിച്ചു വെള്ളത്തിൽ കലക്കി ഇഞ്ചക്ഷൻ ചെയ്താണ് ഉപയോഗിക്കുന്നത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെയും യുവാക്കളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തി കിട്ടുന്ന തുക അന്നേ ദിവസം രാത്രി തന്നെ അനന്തുവിനെ ഏൽപ്പിക്കുകയും അടുത്ത ദിവസത്തേക്ക് വിൽപ്പനയ്ക്കായുള്ള ഗുളികകൾ അപ്പോൾ തന്നെ നൽകുകയുമാണ് പതിവ്. എച്ച് ഒന്ന് ഷെഡ്യൂളിൽ ഉൾപ്പെട്ട ഗുളികകളായതിനാൽ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക് നിയമപ്രകാരം കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് ഡ്രഗ് ഇൻസ്‌പെക്ടർ സാജു അറിയിച്ചു.
സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു, പ്രിവന്റീവ് ഓഫീസർമാരായ മനു, രഘു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജൂലിയൻ ക്രൂസ്, ശ്രീനാഥ്, ഗോപകുമാർ, അജിത്ത്, മുഹമ്മദ് കാഹിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.