കുളത്തൂപ്പുഴ: ആധുനിക സംവിധാനങ്ങളോടെ കുളത്തൂപ്പുഴയിൽ പണികഴിപ്പിച്ച ഓപ്പൺ ജിംനേഷ്യം ഉദ്ഘാടനം പോലും നടത്താനാകാതെ നാശത്തിന്റെ വക്കിൽ. ജീവിത ശൈലി രോഗങ്ങൾ നിയന്ത്റിച്ച് വ്യായാമം പോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ഇ.എസ്.എം.കോളനിയിലെ പഞ്ചായത്ത് ഭൂമിയിൽ ബഡ്‌സ് സ്‌കൂളിനോട് ചേർന്ന് ജില്ലാപഞ്ചായത്താണ് ജിംനേഷ്യം സ്ഥാപിച്ചത്. പദ്ധതി പൂർത്തിയാക്കി നോക്കാനാരുമില്ലാതായതോടെ നാട്ടുകാർ വ്യായാമ ഉപകരണങ്ങൾ തന്നിഷ്ടം പോലെ ഉപയോഗിച്ചു തുടങ്ങുകയായിരുന്നു.
യന്ത്റങ്ങൾ പ്രവർത്തിക്കുന്നില്ല
അത്യാധുനിക സംവിധാനങ്ങളോട് കൂടിയ 10 ഉപകരണങ്ങളാണ് ഇവിടെ സജ്ജമാക്കിയത്. എന്നാൽ മേൽക്കൂരയില്ലാത്തതിനാലും സംരക്ഷണമില്ലതിനാൽ മഴയും വെയിലുമേറ്റ് യന്ത്റങ്ങൾ പലതും നാശത്തിലാണ്. ഉപകരണങ്ങൾ ശരിയായ രീതിയിൽ പരിപാലിക്കാത്തതിനാൽ ചിലത് കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ല. വ്യായാമത്തിനെത്തുന്നവർ തോന്നുംപടി പ്രവർത്തിപ്പിക്കുന്നതും പരിശീലകന്റെ സേവനം ലഭ്യമല്ലാത്തതും ഇവയുടെ നാശത്തിന് കാരണമാക്കി. എല്ലാവർക്കും സൗജന്യമായി ജിംനേഷ്യം ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപ്പൺ ജിംനേഷ്യം അക്ഷരാർത്ഥത്തിൽ ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ മേൽനോട്ട ചുമതല വഹിക്കുമെന്ന പ്രഖ്യാപനവും ഫലവത്തായില്ല.
# ജിംനേഷ്യം സ്ഥാപിക്കാൻ ചെലവഴിച്ച തുക: 10 ലക്ഷം
നിർമ്മാണം പൂർത്തീകരിച്ചത്: ഹാബിറ്റാറ്റ് ഗ്രൂപ്പ്
# ഓപ്പൺ ജിംനേഷ്യത്തിലുള്ളവ
1. എയർവാക്കർ
2. ലെഗ് ഷേപ്പർ,
3. സിംഗിൾ സ്‌കൈയർ
4. വെയ്സ്റ്റ് ഷേപ്പർ
5. ബാക്ക് ഷേപ്പർ
6. ഷേൾഡർ ഷേപ്പർ
7. നീ ചെയർ
8. സൈക്കിൾ
9. ഷോൾഡർ വീൽ
'' ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യം ആരാലും സംരക്ഷിക്കാൻ കഴിയാത്തതിനാൽ നാശത്തിന്റെ വക്കിലാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഉപകരണങ്ങൾ സംരക്ഷിച്ച് പരിശീലകന്റെ സേവനം പ്രയോജനപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണം.
എ.എസ്. നിസാം,
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം, കുളത്തൂപ്പുഴ