കൊല്ലം: അമ്മയെയും കുഞ്ഞിനെയും ഭർത്തൃവീട്ടുകാർ 21 മണിക്കൂർ വീടിന് പുറത്തുനിറുത്തിയ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തു നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി തഴുത്തല പി.കെ. ജംഗ്ഷനിൽ ശ്രീലകത്തിൽ ഡി.എസ്. അതുല്യയും ഭർത്തൃസഹോദരന്റെ ഭാര്യ പ്രസീത് ഭവനിൽ എ.എസ്. വിമിയും ഡി.ജി.പിക്കും വനിതാകമ്മിഷനും ആഭ്യന്തര സെക്രട്ടറിക്കും പൊലീസ് കമ്മിഷണർക്കും പരാതി നൽകി.
സംഭവത്തിൽ പൊലീസ് ആദ്യം മുതലേ നുണ പ്രചാരണമാണ് നടത്തുന്നതെന്നാണ് ഇരുവരുടെയും പരാതി. നിലവിലെ അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും ഡി.ഐ.ജി തലത്തിലുള്ള മറ്റൊരു സംഘം അന്വേഷണം നടത്തണമെന്നാണ് ഇരുവരുടെയും ആവശ്യം. വിമിയും ഭർത്താവും ഭർത്തൃമാതാവും തമ്മിലുണ്ടായ കേസിലും പൊലീസ് പ്രതികൾക്ക് അനുകൂലമായ നടപടികളാണ് എടുത്തതെന്നും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടി കാണിച്ച് സിറ്റി പൊലീസ് കമ്മിഷണർക്ക് മുന്നിൽ ഇരുവരും പരാതിയുമായി ചെന്നപ്പോൾ നിസാരവത്ക്കരിക്കുന്ന സമീപനമാണ് ഉണ്ടായതെന്നും ആക്ഷേപമുണ്ട്.