kili

കൊല്ലം: കിളികൊല്ലൂർ പേരൂർ ഇന്ദീവരത്തിൽ സൈനികനായ വിഷ്ണു,​ സഹോദരൻ വിഘ്നേഷ് എന്നിവർക്കെതിരെ കിളികൊല്ലൂർ പൊലീസ് എടുത്ത കള്ളക്കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കമ്മിഷണറാണ് കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

എം.ഡി.എം.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാൻ വന്ന വിഷ്ണുവും വിഘ്നേഷും നടപടികൾ വൈകിയപ്പോൾ അക്ഷമരായി സ്റ്റേഷനിലേക്ക് തള്ളിക്കയറി. തടയാൻ ശ്രമിച്ച എ.എസ്.ഐ പ്രകാശ് ചന്ദ്രനെ വിഷ്ണു ഇടിവള ഊരി മുഖത്തിടിച്ചു. കസേരയിലേക്ക് വീണ പ്രകാശ് ചന്ദ്രനെ നിലത്തേക്ക് ചവിട്ടിയിട്ട ശേഷം സ്റ്റൂൾ എടുത്ത് തലയ്ക്കടിച്ചു. വിഘ്നേഷും പ്രകാശ് ചന്ദ്രനെ മർദ്ദിച്ചു എന്നിങ്ങനെയാണ് കിളികൊല്ലൂർ പൊലീസ് ഇരുവർക്കുമെതിരെ ചുമത്തിയ കള്ളക്കേസ്. കൊലപാതകശ്രമം, പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. പൊലീസ് തന്നെ കഴിഞ്ഞ ദിവസം പുറത്ത് വിട്ട സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ അവരുടെ തിരക്കഥ വൻനുണയാണെന്ന് വെളിവാക്കുന്നു.

യഥാർത്ഥത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ പൊലീസുകാരനായ മണികണ്ഠനാണ് വിഘ്നേഷിനെ എം.ഡി.എ കേസ് പ്രതിയെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ എ.എസ്.ഐ പ്രകാശ് ചന്ദ്രനാണ് വിഷ്ണുവിനെ ആദ്യം മർദ്ദിച്ചത്. വിഷ്ണു ഒരു തവണ എ.എസ്.ഐയെ തിരിച്ചടിച്ചു. പിന്നീട് ഇരുവരും തമ്മിൽ ബലപ്രയോഗമുണ്ടായി. ഇടിവള ഊരി ഇടിച്ചുവെന്നതും സ്റ്റൂളു കൊണ്ട് തലയ്ക്കടിച്ചുവെന്നതും പൊലീസുകാർ കേസ് ബലപ്പിക്കാൻ സൃഷ്ടിച്ച നാടകങ്ങളായിരുന്നു. പിന്നീട് സഹോദരങ്ങളെ സ്റ്റേഷനിൽ രണ്ടിടങ്ങളിലേക്ക് മാറ്റി ക്രൂരമായി മർദ്ദിച്ചു. യഥാർത്ഥത്തിൽ വിഘ്നേഷ് പൊലീസിനെ ആക്രമിച്ചിട്ടേയില്ല. വിഷ്ണുവിനെതിരെ ചുമത്തിയ അതേ വകുപ്പുകൾ തന്നെ വിഘ്നേഷിന്റെ പേരിലും ചുമത്തി റിമാൻഡ് ചെയ്യുകയായിരുന്നു.

ഗ്രേഡ് എസ്.ഐക്ക് സ്ഥലം മാറ്റം

സൈനികനെയും സഹോദരനെയും കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ കിളികൊല്ലൂർ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ലഗേഷിനെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റി. മറ്റ് പൊലീസുകാർക്കൊപ്പം ലഗേഷും ക്രൂരമായി മർദ്ദിച്ചെന്ന് യുവാക്കളുടെ മൊഴിയിൽ പറയുന്നുണ്ട്. സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ഓമനക്കുട്ടനെതിരെയും വൈകാതെ നടപടിക്ക് സാദ്ധ്യതയുണ്ട്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പിയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് യുവാക്കളുടെ പരാതി സംബന്ധിച്ച റിപ്പോർട്ട് എ.ഡി.ജി.പിക്ക് നൽകിയിരിക്കുകയാണ്.