കൊല്ലം: സി.ഐ.ടി.യു ജില്ലാസമ്മേളനത്തിന് പൊതുസമ്മേളന നഗരിയായ കന്റോൺമെന്റ് മൈതാനിയിൽ ചെങ്കൊടിയുയർന്നു. സ്വാഗതസംഘം ചെയർമാൻ എക്‌സ്. ഏണസ്റ്റ് പതായ ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽനിന്ന് എത്തിയ ദീപശിഖ, കൊടിമര, പതാക ജാഥകൾ ആശ്രാമം ലിങ്ക് റോഡിലെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം സംഗമിച്ചു. തുടർന്ന്, ബൈക്ക് റാലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരുകയായിരുന്നു.

ദീപശിഖ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.പത്മലോചനനും പതാക ജില്ലാ വൈസ് പ്രസിഡന്റ് കെ. രാജഗോപാലും കൊടിമരം അഡ്വ. ഇ. ഷാനവാസ്ഖാനും ഏറ്റുവാങ്ങി. എം.എസ്. മുരളി ക്യാപ്റ്റനായി കടയ്ക്കൽ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച കൊടിമര ജാഥ,​ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം എസ്. സുദേവനും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് എം. ശിവശങ്കരപ്പിള്ള ക്യാപ്റ്റനായ പതാക ജാഥ ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പും ഉദ്ഘാടനംചെയ്തു.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ 10 ന് സി കേശവൻ മെമ്മൊറിയൽ ടൗൺ ഹാളിൽ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലയിലെ 3,42,329 അംഗങ്ങളെ പ്രതിനിധികരീച്ച് വിവിധ യൂണിയനുകളിൽ നിന്ന് 432 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് ബി. തുളസീധരക്കുറുപ്പ് പതാക ഉയർത്തും. ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.

റാലിയും പൊതുസമ്മേളനവും നാളെ

ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടക്കും. വൈകിട്ട് മൂന്നിന് ലക്ഷം തൊഴിലാളികൾ അണിനിരക്കുന്ന പ്രകടനം ആശ്രാമം മൈതാനിയിൽ നിന്നാരംഭിക്കും. തുടർന്ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.