തൊടിയൂർ: യുവതലമുറ ലഹരിയുടെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് കടക്കാതിരിക്കാൻ ചിത്രരചന ക്ലാസുകൾ പോലുള്ള കലാപഠനങ്ങൾ സഹായിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ അഭിപ്രായപ്പെട്ടു.കരുനാഗപ്പള്ളി വർണം ചിത്രരേഖ സ്കൂൾ ഓഫ് ആർട്സിലെ വിദ്യാർത്ഥികൾക്ക് യു.ആർ.എഫ് വേൾഡ് റെക്കാഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരുനാഗപ്പള്ളി ലോഡ്സ് പബ്ളിക് സ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. വർണംചിത്രരേഖ സ്കൂൾ ഒഫ് ആർട്സിലെ 23 വിദ്യാർത്ഥികൾ ചേർന്ന് 24 അടി നീളവും 4 അടി വീതിയുമുള്ള ഒറ്റ കാൻവാസിൽ കാലുകൊണ്ട് വരച്ച ചിത്രത്തിനാണ് യു.ആർ.എഫ് വേൾഡ് റെക്കാഡ്, ഏഷ്യൻ വേൾഡ് റെക്കാഡ് എന്നിവ ലഭിച്ചത്. ചലച്ചിത്ര നടൻ വിനു മോഹൻ ഏഷ്യൻ വേൾഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പ്രിൻസിപ്പൽ അനിവർണം റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, സൂസൻകോടി എന്നിവർ മെമെന്റോ വിതരണം ചെയ്തു. ചിത്രരചന മത്സരത്തിൽ വിജയികളായ ഒന്നും രണ്ടും ഗ്രൂപ്പുകൾക്ക് പ്രൊഫ.പി.കെ.റെജിയും ഗ്രൂപ്പ് മൂന്നിന് നഗരസഭ കൗൺസിലർ ഫോട്ടോപാർക്ക് റെജിയും ഗ്രൂപ്പ് നാലിന് പ്രവീൺ മനയ്ക്കലും പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ആർ.വസന്തൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകുമാർ, രാജേഷ്, ബാബു,സജി എന്നിവർ ആശംസ പ്രസംഗം നടത്തി. നീലികുളം ഷിബു സ്വാഗതവും സാജൻ നന്ദിയും പറഞ്ഞു.