വാഹനാപകടം തുടർക്കഥയായിട്ടും
നടപടിയെടുക്കാതെ അധികൃതർ
പടിഞ്ഞാറേ കല്ലട : ചവറ - ശാസ്താംകോട്ട സംസ്ഥാനപാതയിൽ കാരാളിമുക്കിന് സമീപം ആദിക്കാട്ട് മുക്കിൽ വാഹനാപകടത്തിനൊപ്പം
അധികൃതരുടെ അനാസ്ഥയും തുടരുകയാണ്. കൊടും വളവിൽ അമിതവേഗതയിലെത്തുന്ന വാഹനങ്ങളാണ്
ഇവിടെ കൂടുതലായി അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പടിഞ്ഞാറേ കല്ലട വലിയപാടം കൃഷ്ണവിലാസത്ത് ജിദ്ദു കൃഷ്ണപ്രസാദ് (26) ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആദിക്കാട്ട് മുക്കിന് സമീപം പ്രവർത്തിക്കുന്ന കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ അതിരാവിലെ ചായ കുടിക്കാൻ ഹോട്ടലിലേയ്ക്ക് പോകുന്നതിനിടെ വണ്ടിയിടിച്ച് മരിച്ചിട്ടും അധികനാളായിട്ടില്ല.
ഇരുവശത്തുമായി ആവശ്യത്തിലധികം സ്ഥലം ഉണ്ടായിട്ടും റോഡിന്റെ
വീതി കൂട്ടാത്തതാണ് അപകടത്തിന് കാരണം. ആദിക്കാട്ട് മുക്കിൽ വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം കൂടിയതോടെ അനധികൃതപാർക്കിംഗും രൂക്ഷമായി. ഇതോടെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
നോപാർക്കിംഗ് ബോർഡില്ല
വളവുകളിൽ ബ്ലിങ്കിംഗ് ലൈറ്റുകൾ ഇല്ല
കൊടുംവളവിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാത്തത്
കാഴ്ച മറക്കും വിധമുള്ള മരക്കൊമ്പുകൾ മുറിച്ചു മാറ്റാത്തത്
റോഡിൽ വെളിച്ചക്കുറവ്
.................................................................................................................
ആദിക്കാട്ട് മുക്കിലെ വാഹനാപകടങ്ങൾ കുറയ്‌ക്കാൻ റോഡിന്റെ വീതികൂട്ടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതിലേയ്ക്ക് താലൂക്ക് സർവേയറുടെ സേവനം ആവശ്യപ്പെട്ട് കുന്നത്തൂർ താലൂക്ക് തഹസിൽദാർക്ക് കത്ത് നൽകിയിട്ടുണ്ട്.
സന്തോഷ്‌കുമാർ, അസി. എൻജിനീയർ,
പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗം, ശാസ്താംകോട്ട