
കൊല്ലം: കാർഷിക മേഖലയിലെ പ്രാദേശിക പ്രശ്നങ്ങൾ പഠിച്ച് പരിഹാരം നിർദേശിക്കാൻ കർഷകരും ഉദ്യോഗസ്ഥരും കൃഷിയിടങ്ങളിൽ സംഗമിക്കുന്ന കൃഷിദർശൻ പരിപാടി കൊല്ലത്തും. കഴിഞ്ഞ ദിവസം തൃശൂരിലായിരുന്നു തുടക്കം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാവും ആദ്യഘട്ടം ആരംഭിക്കുക. കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുമിച്ച് കൃഷിയിടങ്ങളിലെത്തി കർഷരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം കാണുകയാണ് ലക്ഷ്യം. കൃഷി മന്ത്രിയുടെ നേതൃത്വത്തിൽ കാർഷിക സർവകലാശാലാ ഉദ്യോഗസ്ഥർ, മണ്ണ് പരിശോധകർ, ക്യഷി ഉദ്യോഗസ്ഥർ, കാർഷിക മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ സംഗമത്തിൽ പങ്കുചേരും. ഒരു ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് മൂന്നു ദിവസങ്ങളിലായാണ് സംഗമം. സംഗമത്തോടനുബന്ധിച്ച് കാർഷിക അദാലത്തുകളും കാർഷിക പദ്ധതികളുടെ ഏകോപനവും കൃഷിക്കൂട്ടങ്ങളുടെ സംഗമവും ഒരുക്കിയിട്ടുണ്ട്.