esi

കൊല്ലം: ഇ.എസ്.ഐ പദ്ധതിയിലൂടെ ഇൻഷ്വർ ചെയ്ത സ്ത്രീ തൊഴിലാളിക്കും പരിരക്ഷിത വ്യക്തിയുടെ ഭാര്യയ്ക്കും പ്രസവത്തിനും അനുബന്ധ ചെലവുകൾക്കും സാമ്പത്തിക ആനുകൂല്യം ലഭ്യമാകും.

വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടൽ, റീ ട്രഞ്ച്മെന്റ്, ജോലിക്കിടെയല്ലാതെയുണ്ടായ അപകടം മൂലമുണ്ടായ ജോലി നഷ്ടം തുടങ്ങിയ മനഃപൂർവമല്ലാത്ത സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് തൊഴിലില്ലായ്മ വേതനവും അപകടത്തിൽ അവയവം നഷ്ടമാകുന്നവർക്ക് കൃത്രിമ അവയവങ്ങൾക്കുള്ള സാമ്പത്തിക ആനുകൂല്യവും ഇ.എസ്.ഐ പദ്ധതിയിലൂടെ ലഭ്യമാക്കുന്നുണ്ട്.

തൊഴിലപകടങ്ങളിൽ 40 ശതമാനത്തിൽ കുറയാത്ത ശാരീരിക വൈകല്യമുണ്ടായാൽ തൊഴിൽ പുനരധിവാസ പരിശീലനം ലഭിക്കാനും പദ്ധതിയിലൂടെ സാധിക്കും. ഇൻഷ്വർ ചെയ്യപ്പെട്ട വ്യക്തി മരിച്ചാൽ നിബന്ധനകൾക്ക് വിധേയമായി സംസ്കാര ചെലവുകൾക്ക് പരമാവധി 15000 രൂപ ലഭിക്കാനും പദ്ധതിയിലൂടെ അർഹതയുണ്ടായിരിക്കും.

അടച്ചുപൂട്ടൽ, തൊഴിലപകടം

1. മനപൂർവമല്ലാത്ത സാഹചര്യങ്ങളിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് തൊഴിലില്ലായ്മ വേതനം

2. തൊഴിലില്ലായ്മ വേതനം പരമാവധി 24 മാസം വരെ

3. ആദ്യ 12 മാസങ്ങളിൽ ശരാശരി വേതനത്തിന്റെ 50 ശതമാനം, തുടർന്നുള്ള മാസങ്ങളിൽ 25 ശതമാനം

4. പരിരക്ഷിത വ്യക്തിയുടെ വൈദഗ്ദ്ധ്യ വർദ്ധനയ്ക്കായി ഒരുവർഷം വരെ തൊഴിൽ പരിശീലനം

5. പരിശീലനത്തിന് ഗവ. അംഗീകൃത സ്ഥാപനങ്ങൾ ഈടാക്കുന്ന മുഴുവൻ തുകയും ഇ.എസ്.ഐ നൽകും

6. തൊഴിലില്ലായ്മ വേതനം കൈപ്പറ്റുന്ന കാലയളവിൽ കുടുംബാംഗങ്ങൾക്കും വൈദ്യപരിരക്ഷ

കൃത്രിമ അവയവങ്ങൾക്ക് ലഭ്യമായ ആനുകൂല്യങ്ങൾ

1. തൊഴിൽ അപകടമോ സാധാരണ അപകടങ്ങളോ മൂലം അവയവനഷ്ടത്തിന് ആനുകൂല്യം

2. പരിരക്ഷിത വ്യക്തി കൃത്രിമ അവയവ കേന്ദ്രത്തിൽ തുടരുന്നിടത്തോളം കാലം ശരാശരി വേതനത്തിന്റെ 100 ശതമാനവും വൈദ്യ പരിരക്ഷയും

3. കൃത്രിമ അവയവ കേന്ദ്രത്തിലേക്കും തിരിച്ചുമുള്ള യാത്രക്കൂലി

4. അവയവ കേന്ദ്രത്തിലെ അനുബന്ധ ചെലവുകൾ

പ്രസവാനുകൂല്യം

1. ഒരു പ്രസവത്തിന് 5000 രൂപ നിരക്കിൽ 2 പ്രസവം വരെ

2. അത്യാവശ്യ ചികിത്സാ സൗകര്യങ്ങളില്ലാത്ത സ്ഥലത്തെ പ്രസവത്തിനും ആനുകൂല്യം

3. ഇൻഷ്വർ ചെയ്ത സ്ത്രീത്തൊഴിലാളികളും പരിരക്ഷിത വ്യക്തിയുടെ ഭാര്യമാരും ആനുകൂല്യ പരിധിയിൽ

4. പരിരക്ഷിത തൊഴിലിൽ പ്രവേശിക്കുന്ന ഒന്നാം ദിവസം മുതൽ അർഹത

സുവിധ സമാഗം

എല്ലാ റീജിയണൽ, സബ് റീജിയണൽ ഓഫീസുകൾ ഇ.എസ്.ഐ.സി ആശുപത്രികൾ എന്നിവിടങ്ങളിൽ എല്ലാ രണ്ടാം ബുധനാഴ്ചകളിലും ശാഖ ഓഫീസുകളിൽ രണ്ടാം വെള്ളിയാഴ്ചകളിലും ഇ.എസ്.ഐ പദ്ധതിയിലുള്ള പരാതികളും നിർദേശങ്ങളും എഴുതിയോ വാക്കാലോ നൽകാനുള്ള സൗകര്യം ലഭിക്കും.

സംസ്ഥാനത്തെ സബ് റീജിയണൽ ഓഫീസുകൾ

തിരുവനന്തപുരം- 0471 2325064

ആശ്രാമം, കൊല്ലം- 0474 2761190

സെന്റ് ഫ്രാൻസിസ് ചർച്ച് റോഡ്, എറണാകുളം- 0484 2340844

ഇരഞ്ഞിപ്പാലം, കോഴിക്കോട്- 0495 2772240