levelcross

കൊല്ലം: കൂട്ടിക്കട റെയിൽവേ ഓവർബ്രിഡ്ജിന്റെ നിലവിലെ അലൈൻമെന്റിൽ നേരിയ മാറ്റത്തിന് സാദ്ധ്യത. പാലത്തിന്റെ അപ്രോച്ച് റോഡുകൾ അവസാനിക്കുന്ന തട്ടാമല റോഡിലെ അരിവാൾ മുക്കിലും ഇരവിപുരം റോഡിലെ ചന്തക്കടയ്ക്ക് സമീപവും യു ടേൺ സൗകര്യം ഒരുക്കുന്നതിനാണ് അലൈൻമെന്റ് പുനക്രമീകരിക്കുന്നത്.

മാറ്റം ഇങ്ങനെ

മയ്യനാട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ചന്തക്കടയിലെത്തിയാണ് പാലത്തിൽ പ്രവേശിക്കേണ്ടത്. നിലവിലെ അലൈൻമെന്റ് പ്രകാരം ചെറിയ വാഹനങ്ങൾക്ക് സുഗമമായി പാലത്തിൽ പ്രവേശിക്കാം. എന്നാൽ സ്വകാര്യ ബസുകളടക്കമുള്ള വലിയ വാഹനങ്ങൾക്ക് വളയാനുള്ള സ്ഥലം നിലവിലെ അലൈൻമെന്റിലില്ല. അരിവാൾമുക്കിലും സമാനമായ പ്രശ്നമുണ്ട്. ആലുംമൂട്- കൊട്ടിയം റോഡിൽ നിന്നുള്ള വാഹനങ്ങൾ അരിവാൾ മുക്കിലെത്തിയാണ് പാലത്തിൽ പ്രവേശിക്കുകയും ഇറങ്ങുകയും ചെയ്യേണ്ടത്. അല്പം കൂടി സ്ഥലം ഏറ്റെടുത്ത് യു ടേൺ ക്രമീകരിച്ചില്ലെങ്കിൽ ഈ രണ്ടിടങ്ങളിലും ഗതാഗത കുരുക്കുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ ക്രമീകരണം. ആർ.ഒ.ബിയുടെ ജി.എ.ഡിക്ക് റെയിൽവേയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ അലൈൻമെന്റിൽ വലിയ മാറ്റം സാദ്ധ്യമല്ല. അലൈൻമെന്റിൽ വലിയ മാറ്റം ഉണ്ടായാൽ പുതുക്കിയ ജി.എ.ഡിക്ക് വീണ്ടും അനുമതി വാങ്ങേണ്ടി വരും.

സ്ഥല പരിശോധന വൈകും

നിലവിലെ അലൈൻമെന്റ് പ്രകാരം പാലം നിർമ്മാണത്തിനായി ഇരവിപുരം, മയ്യനാട് വില്ലേജുകളിൽ ഉൾപ്പെടുന്ന 220 സെന്റ് ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞമാസം അവസാനം ഉത്തരവായിരുന്നു. ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ കല്ലിടുന്നതിന് മുന്നോടിയായി ആർ.ഒ.ബിയുടെ നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെയിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥ സംഘം ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്ഥല പരിശോധന നടത്താനിരുന്നതാണ്. അലൈൻമെന്റിൽ മാറ്റം വരുന്ന സാഹചര്യത്തിൽ പുതിയ അലൈൻമെന്റ് തയ്യാറായ ശേഷമായിരിക്കും സംയുക്ത സ്ഥല പരിശോധന നടക്കുക. കല്ലിട്ട ശേഷം സർവേനടത്തി ഏറ്റെടുക്കുന്ന ഭൂമികളുടെ സർവേ നമ്പരും അളവും തയ്യാറാക്കും. ഇതിനൊപ്പം സാമൂഹ്യാഘാത പഠനവും നടക്കും. തുടർന്ന് വില നിശ്ചയിച്ച് നഷ്ടപരിഹാരം വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കും. ഇതിന് ഒന്നരവർഷമെങ്കിലും വേണ്ടിവരും. സ്ഥലമേറ്റെടുത്ത ശേഷമേ നിർമ്മാണത്തിന്റെ ടെണ്ടർ നടപടികൾ തുടങ്ങു.നിലവിലെ ലെവൽക്രോസിൽ നിന്ന് തട്ടാമല ഭാഗത്തേക്ക് മാറിയാണ് ഓവർബ്രിഡ്ജ് റെയിൽവേ ലൈയ‌്നിനെ മറികടക്കുന്നത്.

ഓവർബ്രിഡ്ജ്

തട്ടാമല - കൂട്ടിക്കട റോഡിൽ തുടങ്ങി കൂട്ടിക്കട - തിരുമുക്ക് റോഡിൽ അവസാനിക്കുന്നു

ആകെ നീളം- 462.811 മീറ്റർ(അപ്രോച്ച് റോഡുൾപ്പെടെ)

വീതി-10.2 മീറ്റർ

നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചിത്- 52.24 കോടി രൂപ