കൊല്ലം: കേന്ദ്ര പദ്ധതിയായ 'ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാ'മുമായി സംസ്ഥാന സാക്ഷരത മിഷൻ വീണ്ടും സജീവതയിലേക്ക്. 13 വർഷത്തെ ഇടവേളക്ക് ശേഷമാണ് സാക്ഷരത മിഷൻ പുതിയ പദ്ധതി ഏറ്റെടുക്കുന്നത്. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിൽ നടത്തിയ സർവ്വെയിൽ എണ്ണായിരത്തിലധികംപേർ ഇപ്പോഴും അക്ഷരവെളിച്ചം ലഭിക്കാത്തവരായി ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സർവെ നടത്തിയത്. നിരക്ഷരരായി കണ്ടെത്തിയവർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള സാക്ഷരതാ ക്ളാസ് നൽകും. സന്നദ്ധ പ്രവർത്തകരെയും പ്രേരകുമാരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരെയും ജില്ലാതല റിസോഴ്സ് പേൺസൺമാരായി നിയമിച്ചിട്ടുണ്ട്. പഞ്ചായത്തുതല പ്രേരകുമാരുൾപ്പടെ എണ്ണൂറിൽപ്പരം സന്നദ്ധ അദ്ധ്യാപകരെയും നിയോഗിക്കും. സന്നദ്ധ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത് റിസോഴ്സ് പേഴ്സൺമാരാണ്. 5 വർഷം നീണ്ടുനിൽക്കുന്നതാണ് ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം.
ത്രിദിന പരിശീലനത്തിന് തുടക്കം
ജില്ലയിലെ റിസോഴ്സ് പേഴ്സൺമാരാർക്കായി ത്രിദിന പരിശീലനം കൊട്ടാരക്കര ഡയറ്റിൽ തുടങ്ങി. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ ഷാജു ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ മുരുകദാസ്, സംസ്ഥാന റിസോഴ്സ് പേഴ്സൺ ബി എസ് ഗോപകുമാർ, കെ ഉണ്ണികൃഷ്ണൻ മേനോൻ, ഡോ സത്യനേശൻ, സന്തോഷ്, കെ.ദിലീപ് കുമാർ, ഷീല ജഗധരൻ എന്നിവർ സംസാരിച്ചു.