കൊല്ലം: ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും ഒത്താശയോടെ യുവതിക്ക് നഗ്നപൂജ നടത്താനൊരുങ്ങിയ ചടയമംഗലത്തെ മന്ത്രവാദിയെയും സംഘത്തെയും കണ്ടെത്താനായില്ല.
ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. പ്രധാന പ്രതി മന്ത്രവാദി അബ്ദുൽ ജബ്ബാർ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്. അബ്ദുൾ ജബ്ബാറിന് തമിഴ്നാട് കേന്ദീകരിച്ച് രഹസ്യ കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിലാണ് ഇയാൾ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളെ നഗ്നപൂജയ്ക്ക് ഇരയാക്കുന്നത്. ഇയാൾ സ്ഥിരമായി എങ്ങും താമസിക്കാറില്ല.
വീട്ടിൽ നിന്ന് പോയാൽ മാസങ്ങൾ കഴിഞ്ഞാണ് മടങ്ങിയെത്തുക. അബ്ദുൽ ജബ്ബാറിന്റെ മുഖ്യ സഹായി സിദ്ധിഖിന്റെ ഭാര്യയും ഭാര്യാ മാതാവും സംഘത്തിനെതിരെ മൊഴി നൽകിയതോടെ ഇയാളെ ചുറ്റിപ്പറ്റി ഒട്ടേറെ ദുരൂഹതകൾ പൊലീസ് സംശയിക്കുന്നു. ഇയാളെപ്പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇവർ പൊലീസിന് നൽകിയത്. ഗർഭിണിയായിരുന്നപ്പോൾ, ബാധ കയറിയിട്ടുണ്ടെന്നും ജനിക്കാൻ പോകുന്നത് ചാപിള്ളയാണെന്നും പറഞ്ഞ് അബ്ദുൾ ജബ്ബാറിന്റെ അടുത്ത് നഗ്നപൂജ നടത്തണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടെന്നായിരുന്നു ഇയാളുടെ ഭാര്യയുടെ മൊഴി.
മന്ത്രവാദി സംഘത്തിലെ മറ്റൊരംഗം ചടയമംഗലം നെട്ടേത്തറ ശ്രുതിയിൽ ഷാലുവിനെതിരെ ആറ്റിങ്ങൽ സ്വദേശിയായ ഭാര്യ നൽകിയ പരാതിയിലൂടെയാണ് നഗ്നപൂജ സംഭവം പുറംലോകം അറിഞ്ഞത്. ഷാലുവിന്റെ മാതാവ് ലൈഷയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷാലുവിന്റെ സഹോദരിയും സംഘത്തിലെ മറ്റൊരംഗവുമായ ശ്രുതിയും ഒളിവിലാണ്.