പടിഞ്ഞാറേ കല്ലട : പഞ്ചായത്തിലെ കടപ്പാക്കുഴിയിലുള്ള ത്രിവേണി ക്രഷറിൽ ടാർ മിക്സിംഗ്പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെയും രാഷ്ട്രീയ കക്ഷികളുടെയും പ്രതിഷേധം ശക്തമാകുന്നു. നാഷണൽ ഹൈവേ 66 പ്രോജക്ടിനായി മെറ്റീരിയൽ വിതരണം ചെയ്യുന്ന ആവശ്യത്തിലേക്കാണ് പുതുതായി ഇവിടെ ഈ പ്ലാന്റ് സ്ഥാപിയ്ക്കുന്നത്. അതിനായി പ്രാരംഭ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
മാരക രോഗങ്ങൾക്ക് വഴിയൊരുക്കും
ജനവാസ മേഖലയായ ഇവിടെ ടാർ ഉരുക്കുമ്പോഴുണ്ടാകുന്ന പുക ശ്വസിക്കുന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. കാൻസർ , ശ്വാസംമുട്ട് പോലുള്ള മാരക രോഗങ്ങൾ പ്ളാന്റ് കാരണമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ പ്ളാന്റിനെ എതിർക്കുന്നത്.
ജനങ്ങളുടെ ആരോഗ്യപ്രശ്നത്തെ യാതൊരുവിധത്തിലും ടാർ മിക്സിംഗ് പ്ലാന്റ്
ബാധിക്കില്ല. പ്ളാന്റിൽ നിന്ന് യാതൊരുവിധ പുകയും പുറത്തേക്ക് വരില്ല. കാരണം അത്യാധുനിക രീതിയിലുള്ള വൈദ്യുതീകരിച്ച മെഷിനറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓറഞ്ച് കാറ്റഗറിയിൽ പെട്ട അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്.
അരുൺ രവീന്ദ്രൻ
ത്രിവേണി ക്രഷർ ഉടമ
ടാർ ഉരുക്കുമ്പോൾ ഉണ്ടാകുന്ന പുകജനങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് പടിഞ്ഞാറേക്കല്ലടയിൽ കാൻസർ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെ മുൻകാലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചുടുകട്ട കമ്പനികളിൽ നിന്നുള്ള പുക ആൾക്കാർ ശ്വസിച്ച് രോഗികളായിട്ടുണ്ട്.
വി.സന്തോഷ്
ദേവാമൃതം, കടപ്പാക്കുഴി
മണലൂറ്റും ചെളിയെടുപ്പും മൂലം പരിസ്ഥിതി ദുർബല പ്രദേശമായി മാറിയ കടപ്പാക്കുഴിയിൽ ടാർ മിക്സിംഗ് പ്ലാന്റ് തുടങ്ങുവാനുള്ള ഉടമയുടെ ശ്രമം ഉപേക്ഷിക്കണം.
കടപുഴ മാധവൻ പിള്ള
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്
പടിഞ്ഞാറേ കല്ലട
ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയേക്കാവുന്ന കടപ്പാക്കുഴിയിലെ ടാർ മിക്സിംഗ് യൂണിറ്റ് തുടങ്ങുവാനുള്ള നീക്കം ഉപേക്ഷിക്കണം
വി .രതീഷ്
സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി
പടിഞ്ഞാറേ കല്ലട