
കൊല്ലം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി ആൻഡ് ചാരിറ്റി സെന്ററിന്റെ പ്രവർത്തക സംഗമം വടക്കുംകര കിഴക്ക് 2509-ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിര ഹാളിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രളയ സമയത്തും കോവിഡ് പിടിമുറുക്കിയ കാലത്തും സമൃദ്ധി നടത്തിയ പ്രതിരോധ പോരാട്ടങ്ങളെ അദ്ദേഹം പ്രശംസിച്ചു. എഴുത്തുകാരനും അദ്ധ്യാപകനും കർഷകനുമായ അപ്പു മുട്ടറ അദ്ധ്യക്ഷനായി. പ്രവത്തക സംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സമൃദ്ധി ഉപദേശക സമിതി അംഗം ആർ.രാജീവ് വിവരിച്ചു. ആലപ്പുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ കൃഷി പരിചയം നടത്തി. മയ്യനാട് ഗ്രാമ പഞ്ചയായത്തംഗങ്ങളായ എം.നാസർ, മുഹമ്മദ് റാഫി, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചയായത്തംഗം എ.എം.റാഫി, മോനിഷ് പാരിപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. സമൃദ്ധി കൺവീനർ അംബിക സ്വാഗതവും ഉപദേശക സമിതി അംഗം രാജേന്ദ്ര പ്രസാദ് നന്ദിയും പറഞ്ഞു. സമൃദ്ധി ഭാരവാഹികളായ പൊടിയൻ, ആർ.രതീഷ്, നജുമുദീൻ, രമണൻ, എൽ.ബി.ഷിബു, മഞ്ജു, രാധാകൃഷ്‍ണൻ, പരമേശ്വരനുണ്ണി തുടങ്ങിയവർ നേതൃത്വം നൽകി. പ്രദേശത്തെ മികച്ച കർഷകരായ ശ്രീകാന്തൻ, സുരേഷ് ബാബു എന്നിവരെ അനുമോദിച്ചു.