അഞ്ചൽ: വാടകയ്ക്കെടുത്ത മാരുതി കാറുമായി പതിനാറ് വർഷം മുമ്പ് മുങ്ങിയ ആളെ അഞ്ചൽ പൊലീസ് അറസ്റ്റു ചെയ്തു. ഇടമുളയ്ക്കൽ നീറായിക്കോട്, കടയിൽ വീട്ടിൽ ഷൈജു ലൂക്കോസ് ആണ് അറസ്റ്റിലായത്. തഴമേൽ വക്കംമുക്ക് സ്വദേശി മുഹമ്മദ് ഫറൂക്ക് എന്നയാളിന്റെ കാറാണ് രണ്ട് ദിവസത്തേയ്ക്ക് ടൂറിന് പോകാനെന്ന് പറഞ്ഞ് വാടകയ്ക്ക് എടുത്തത്. കാറുമായി പോകുംവഴി അ‌ഞ്ചലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്ക് പണ്ടം പണയം വയ്ക്കാൻ ശ്രമിക്കവേ പൊലീസ് പിടികൂടി. റിമാൻഡിലായ പ്രതി ജയിലിൽ നിന്ന് പുറത്തിറങ്ങി കുടുംബാംഗങ്ങളോടൊപ്പം നാടുവിട്ടു. പൊലീസ് തുട‌ർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. എന്നാൽ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ ഇയാൾ പേരുമാറ്റി താമസിക്കുകയായിരുന്നു. അതിനിടെ പുനലൂർ കോടതി 2010ൽ ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസ് മലപ്പുറത്തെത്തി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.