 
എഴുകോൺ : സാമൂഹിക വിരുദ്ധർ സ്കൂൾ മുറ്റത്ത് കൊണ്ടിട്ട നായക്കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട ഗതികേടിലായി സ്കൂൾ അധികൃതർ. കരീപ്ര ഇടയ്ക്കിടം ഗുരുനാഥൻമുകൾ പി.ആർ.എം.എസ് സ്കൂൾ അധികൃതരാണ് പുലിവാല് പിടിച്ച നിലയിലായത്. രണ്ടു ദിവസം മുൻപാണ് ജനിച്ച് അധിക ദിവസം കഴിയാത്ത പത്തുനായക്കുഞ്ഞുങ്ങളെ സ്കൂൾ മുറ്റത്ത് കണ്ടത്. ആരോ ചാക്കിലാക്കി കൊണ്ടു വന്ന് സ്കൂൾ വളപ്പിൽ തുറന്നു വിട്ടതാകാനാണ് സാദ്ധ്യത. സ്കൂൾ അധികാരികളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ എഴുകോൺ പൊലീസ് നായകളെ തൊട്ടടുത്ത പുരയിടത്തിലേക്ക് മാറ്റിയെങ്കിലും അധികം വൈകാതെ ഇവ സ്കൂളിലേക്ക് തന്നെ മടങ്ങിയെത്തി. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതർ എത്തിയിട്ടും നായക്കുഞ്ഞുങ്ങളെ ഇവിടെ നിന്നൊഴിവാക്കാൻ നടപടി ഉണ്ടായില്ല. സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രാഥമികാവശ്യങ്ങൾക്കോ, കളിക്കാനോ മുറ്റത്ത് ഇറങ്ങാനാകാത്ത നിലയാണ് ഇപ്പോൾ.
ഇതിനിടെ സോഷ്യൽ മീഡിയയിലൂടെയും മറ്റും വിവരമറിഞ്ഞ് നിരവധി നായ പ്രേമികൾ ബന്ധപ്പെട്ടെങ്കിലും ആരും ഇവയെ ഏറ്റെടുക്കാനെത്തിയിട്ടില്ല. തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ ഒഴിഞ്ഞ ക്ലാസ് മുറിയിൽ അടച്ചിട്ട് പാലും ബിസ്കറ്റും നൽകി വരികയാണ്. നായക്കുട്ടികൾക്ക് ഷെൽട്ടറൊരുക്കി പുനരധിവസിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ തയ്യാറാകണമെന്ന ആവശ്യത്തിലാണ് പി.ടി.എയും നാട്ടുകാരും.