
കൊല്ലം: ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ ഒന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഉദ്ഘാടനം കോളേജ് ഒാഡിറ്റോറിയത്തിൽ എ.പി.ജെ അബ്ദുൽകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ.പി.കെ.ബിജു നിർവഹിച്ചു. എൻജിനിയറിംഗ് വിദ്യാഭ്യാസ മേഖലയുടെ ചാലകശക്തിയായി മാറാൻ ടി.കെ.എം എൻജിനിയറിംഗ് കോളേജിനും വിദ്യാർത്ഥികൾക്കും കഴിയണമെന്നും ഗവേഷണ പ്രവർത്തനങ്ങളിലൂടെ പുതിയ വ്യവസായ ഉത്പാദന വിപ്ലവത്തിന് എൻജിനിയറിംഗ് വിദ്യാർത്ഥികൾ അവരുടെ പഠനപ്രവർത്തനങ്ങളിലൂടെ സാദ്ധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖർ നയിക്കുന്ന മോട്ടിവേഷണൽ ക്ലാസുകൾ, യൂണിവേഴ്‌സൽ ഹ്യൂമൻ വാല്യൂസ് അവബോധന ക്ലാസുകൾ, ഹാൻഡ് ഓൺ ആക്ടിവിറ്റീസ്, യോഗാക്ലാസുകൾ, കലാകായിക വിനോദങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികളോടെ 10 ദിവസങ്ങളിലായാണ് സ്റ്റുഡന്റ് ഇൻഡക്ഷൻ പ്രോഗ്രാം നടത്തുന്നത്. ടി.കെ.എം. കോളേജ് ട്രസ്റ്റ് ചെയർമാൻ ഡോ.ഷഹാൽ ഹസ്സൻ മുസലിയാർ അദ്ധ്യക്ഷാനായി. ടി.കെ.എം. എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ടി.എ.ഷാഹുൽ ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ അതിഥികൾക്കും പ്രതിഭകൾക്കും മെമന്റോ നൽകി ആദരിച്ചു. ഡോ.ഹാറൂൺ, ജമാലുദ്ദീൻ മുസലിയാർ എന്നിവർ സംസാരിച്ചു. ഡോ.ഷൈബാ എസ്.സ്വാഗതവും ഡോ.അമൽ ആസാദ് നന്ദിയും പറഞ്ഞു. നവംബർ 5ന് പരിപാടികൾ സമാപിക്കും.