കുട്ടികളടക്കം 14 ആനകളാണ് പ്രദേശത്ത് വിലസുന്നത്
കുളത്തൂപ്പുഴ: കാട്ടാനകളെ ഭയന്ന് വീടിന് പുറത്തോട്ടിറങ്ങാൻ ഭയപ്പെട്ടിരിക്കുകയാണ് കുളത്തൂപ്പുഴ ആദിവാസി കോളനിവാസികൾ. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്തെ ആദിവാസി കോളനികളായ കുളമ്പി, പെരുവഴിക്കാല, രണ്ടാംമൈൽ, വട്ടക്കരിക്കം, വില്ലുമല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വനപാതയിൽ ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നതാണ് കോളനിവാസികളെ ആശങ്കയിലാക്കുന്നത്. ചെറിയ കുട്ടിയാനകളടക്കം പതിനാലിലധികം ആനകളെ നാട്ടുകാർ കണ്ടിരുന്നു. കുട്ടികളുള്ളതിനാൽ ശബ്ദമുണ്ടാക്കിയിട്ടും പാതയോരത്തു നിന്ന് അകലേക്ക് മാറാൻ ആനക്കൂട്ടം തയ്യാറാകുന്നില്ല. ഓട്ടോ റിക്ഷക്കു നേരെയും ഇരു ചക്ര വാഹനങ്ങൾക്കു നേരെയും ആക്രമിക്കാൻ പാഞ്ഞടുക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. മക്കളെ ടൗണിലുള്ള വിദ്യാലയത്തിലേക്ക് അയക്കാൻ പോലും പ്രദേശവാസികൾ മടിക്കുന്നു.
വളവിലും ചരുവിലും ആനക്കൂട്ടം
കോളനികളിലേക്കുള്ള വനപാതയിൽ വളവിലും ചരുവിലും ആനക്കൂട്ടം നിൽക്കാൻ സാധ്യതയുള്ളതിനാൽ സന്ധ്യമയങ്ങിയാൽ ഈ പ്രദേശത്തേക്ക് സവാരി പോകാൻ ടാക്‌സി വാഹനങ്ങളും തയ്യാറല്ല. മറ്റു സ്ഥലങ്ങളിൽ ജോലി കഴിഞ്ഞു മടങ്ങുന്ന പലരും കോളനികളിലേക്ക് എത്തിപെടാനാവാതെ പാതി വഴിയിൽ കുടുങ്ങുന്ന സ്ഥിതിയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം പുലർച്ചെ അമ്പതേക്കർ പാതയിൽ വില്ലുമല ട്രൈബൽ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തെ പാലത്തിനടുത്തെത്തിയ കാട്ടാനക്കൂട്ടം ഏറെ നേരത്തിനു ശേഷമാണ് പാതയിൽ നിന്ന് സമീപത്തെ കാട്ടിലേക്ക് പിൻവാങ്ങിയത്. അതും നാട്ടുകാർക്കിടയിൽ രാത്രിയാത്രയെ കുറിച്ചുള്ള ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.